പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ഇന്നത്തെ ‘ഇങ്കിലാബ് സിന്ദാബാദി’ൻ്റെ മാറ്റൊലിയാണു് ഇതിൽക്കൂടി മുഴങ്ങുന്നത്. സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകളെ തച്ചുടച്ച് ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുവാനുള്ള വെമ്പൽ ഇതിലെല്ലാം ഉടനീളം വ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഒരു കാര്യം ഇവിടെ പറയാതെ തരമില്ല. അഭിനവലോകസൃഷ്ടിക്കു വേണ്ടി നാം ധാരാളം മുദ്രാവാക്യങ്ങൾ മുഴക്കുന്നതുകൊണ്ടോ, ശകാരവർഷം ചൊരിയുന്നതുകൊണ്ടോ, ‘ചോരച്ചെങ്കൊടി’ ഉയർത്തുന്നതുകൊണ്ടോ വല്ല ഫലവുമുണ്ടാകുമോ എന്നു സംശയമാണ്. ഒരു കവി എന്ന നിലയ്ക്കു വായനക്കാരുടെ ഹൃദയത്തെ സഹാനുഭൂതിയാൽ ആർദ്രമാക്കി ശ്രേയോന്മുഖമായവിധത്തിൽ പരിവർത്തനത്തിനു പ്രേരിപ്പിക്കുകയാണ്, അതിനുവേണ്ടി വിപ്ലവബീജം വിതയ്ക്കുകയാണ്, ചെയ്യേണ്ടത്. വിരുദ്ധ ശക്തികൾക്കെതിരായ മനോഭാവം വായനക്കാരിൽ ജനിപ്പിക്കാൻ പോരുന്ന പശ്ചാത്തലം സൃഷ്ടിക്കാതെ, വിപ്ലവത്തിനുവേണ്ടി വെറും ആഹ്വാനങ്ങൾ മുഴക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. വാചാലതകൊണ്ടുമാത്രം അന്തഃദ്രസസ്ഫുരണം അനുവാചകരിൽ ഉണ്ടാകുന്നതുമല്ലല്ലോ.

പാനപാത്രത്തിലെ രണ്ടാംഭാഗത്തിലുള്ള ഭാവഗാനങ്ങളിൽ പലതും മനോഹരങ്ങളാണു്. പദങ്ങളുടെ ആവർത്തനം കുറെ കൂടുമെന്നൊരു ദോഷമേ ഉള്ളൂ. തൻ്റെ ചുകപ്പിൻ്റെ വിലാസം കണ്ടു വിറളിപിടിച്ചവരോടു പനീർച്ചെടി പറയുന്നു.

നിർന്നിദ്രനിശകളിലെൻ കരളിലെ രക്തം
വാർന്നുവാർന്നിരുൾതോറുമിന്നിറം പകർന്നൂ ഞാൻ
എന്നു്, കരൾ ചെപ്പിലെ സിന്ദൂരത്താൽ തുടുത്ത പൂക്കളെ സൃഷ്ടിച്ച കവിയുടെ ഭാവനയെ നമസ്കരിച്ചേ മതിയാവൂ. മുള്ളുകളെപ്പറ്റി ആക്ഷേപിക്കുന്നവരോട് ആ ചെടി പറയുന്നതും കേൾക്കേണ്ടതുതന്നെയാണു്:

നോവിൻ്റെ മുൾവേലിതന്നുള്ളിലുമെൻ ജീവിതം
പൂവിൻ്റെ മന്ദസ്മിതം തുന്നുവാൻ തുടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *