പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

‘ഓർക്കുക വല്ലപ്പോഴും’ എന്ന സമാഹാരത്തിലെ ആദ്യത്തെ കവിതയാണു് ഓർക്കുക വല്ലപ്പോഴും എന്നത്. പൂക്കാലം വിതാനിച്ച കുന്നിൻപുറങ്ങളിൽ രണ്ടു കൊച്ചാത്മാക്കൾ, പണ്ടത്തെ രാജാവിൻ്റെ കഥകൾ പറഞ്ഞുപോന്നു.

പിന്നെയും കാലം പോകെ – യവരെങ്ങെങ്ങോവെച്ചു
സുന്ദരവാഗ്ദാനങ്ങൾ കൈമാറിക്കളിച്ചതും
ആയിരം സ്വപ്നങ്ങളെ – പ്പിഴിഞ്ഞചായംകൊണ്ടു
മായാത്ത സങ്കല്പങ്ങൾ മനസ്സിൽ വരച്ചതും
വാകപ്പൂമണം കന്നിത്തെന്നലിലലയുമ്പോൾ,
മൂകമാം മാവിൻതോപ്പിൽ മദ്ധ്യാഹ്നമുറങ്ങുമ്പോൾ
ആ മണിമച്ചിൻ കോണിലിരുന്നിട്ടവരേതോ
പ്രേമകാവ്യത്തിൽക്കൂടിയൊന്നായിച്ചരിച്ചതും;
ഇടയിൽപ്പരസ്പരം മൂകരായ് നോക്കിക്കൊണ്ടു
ചുടുവീർപ്പുകൾ വിട്ടു സമയം കഴിച്ചതും
അറിയാതന്യോന്യമ – ങ്ങറിഞ്ഞും കണ്ടെത്തിയു-
മവർതൻ വികാരങ്ങളൊന്നായിച്ചമഞ്ഞതും

വിസ്മരിച്ച്, ആ യുവമിഥുനത്തിൽ ഒന്നു് – സ്ത്രീ – പരിണീതയായി വരഗൃഹത്തിലേക്കു പോകുന്നതാണ് ഇതിലെ പ്രതിപാദ്യം. ആ ബാല്യകാലസഖിയോടു യുവാവു് ഒന്നും യാചിക്കുന്നില്ല. എങ്കിലും ഓർക്കുക വല്ലപ്പോഴും എന്ന പഴയ പല്ലവി ആവർത്തിച്ചുപോവുകയാണു്. ശോകാത്മകമായ ആ വാക്കുകളിൽക്കൂടി ആ മനുഷ്യാത്മാവിൻ്റെ സ്നേഹദാഹം മുഴുവൻ, കവിയുടെ വികാരസാന്ദ്രമായ ഹൃദയത്തിൽക്കൂടി പുറത്തുവന്നുകഴിയുന്നു. ഈ സമാഹാരത്തിലെ പെണ്ണുകാണൽ, വിട്ടയയ്ക്കില്ല എന്നീ ഗാനങ്ങളിലും ലളിത വികാരങ്ങൾ തന്നെയാണു മാറ്റൊലിക്കൊള്ളുന്നതു്. ‘സത്രത്തിലെ ഒരു രാത്രി’ എന്ന സമാഹാരത്തിലെ മിക്ക കവിതകളും ‘വേദന കവരുമൊരജ്ഞാതസ്മൃതി’യുടെ പ്രതിധ്വനികളാണു്. സമാഹാരത്തിൻ്റെ ശീർഷകമായ സത്രത്തിൽ ഒരു രാത്രി എന്ന കവിതയിൽ കവി അജ്ഞാതഗായകനെ ചിത്രണം ചെയ്യുന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്:

Leave a Reply

Your email address will not be published. Required fields are marked *