പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

പി. ഭാസ്കരൻ: ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന സമാഹാരവുമായിട്ടാണു് പി. ഭാസ്കരൻ കാവ്യരംഗത്തേക്കു കടന്നുവന്നത്. വയലാറിലെ ഭീകര പ്രവർത്തനത്തിൻ്റെ ചൂടു മാറിയിട്ടില്ലാതിരുന്ന അക്കാലത്തു് പ്രസ്തുത കവിത കേരളീയ ജനഹൃദയത്തിൽ വളരെയധികം ചലനമുണ്ടാക്കിയിട്ടുണ്ട്. ആവേശം തിളച്ചുമറിയുന്ന ഒരു കവിതയായിരുന്നു അത്. തീവ്രവികാരത്തിൽ അന്നത്തെ സാമൂഹ്യചലനത്തെ ചിത്രീകരിച്ചതുതന്നെയാണു് അതിനു കാരണവും. ഒരു രണാങ്കണത്തിൻ്റെ കാഹളം മുഴക്കുവാനായിരുന്നു കവി അന്നു ശ്രമിച്ചിരുന്നത്.

വില്ലാളിയാണു ഞാൻ ജീവിതസൗന്ദര്യ-
വല്ലകിമീട്ടലല്ലെൻ്റെ ലക്ഷ്യം

എന്ന വസ്തുത തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അന്നത്തെ കവി ഇന്നു് ആ രംഗത്തുനിന്നു മിക്കവാറും വിട്ടൊഴിഞ്ഞു വൈകാരികമായ മറ്റൊരു മണ്ഡലത്തിലേക്കു കടന്നിരിക്കുകയാണു്.

പ്രേമത്തിൻ്റെ മൃദുലഭാവങ്ങളെ മീട്ടുവാനാണു ഭാസ്കരൻ ഇന്നു കൂടുതൽ ഉദ്യമിക്കുന്നതു്. സ്വാനുഭൂതികളെ തദനുരൂപമായ ശബ്ദശില്പത്തിൽ ആവിഷ്കരിക്കുവാൻ അദ്ദേഹം സമർത്ഥനായിക്കഴിഞ്ഞിട്ടുണ്ട്. കവിഹൃദയത്തെ സ്പർശിച്ചുനില്ക്കുന്ന അനുഭൂതികൾ താളാത്മകമായി, സംഗീതസാന്ദ്രമായി പുറത്തേക്കു വിനിർഗ്ഗളിക്കുമ്പോൾ അതു പരഹൃദയ സ്പർശിയായിത്തീരുന്നു. ഭാസ്കരൻ്റെ ഗാനങ്ങൾ കേരളീയ ജനതയെ കൂടുതൽ ആകർഷിച്ചിട്ടുള്ളതിൻ്റെ രഹസ്യം അതാണു്. ആധുനിക മലയാളസിനിമ ഈ കവിയുടെ ഗാനങ്ങളെ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായിത്തീരുന്നുമുണ്ട്. എന്നല്ല, ചില സിനിമകളുടെ വിജയത്തിനുതന്നെ കാരണം അത്തരം ഗാനങ്ങളാണെന്നുകൂടി പറയയേണ്ടതുണ്ട്. ‘നീലക്കുയിലി’ൻ്റെ വിജയത്തിനു ഹേതുവും ഭാസ്കരൻ്റെ ഗാനങ്ങളുടെ ചേതോഹരത്വമാണെന്നു പറയുന്നതിൽ തെറ്റില്ല. ചങ്ങമ്പുഴയെപ്പോലെ ഭാസ്കരൻ്റെ ഹൃദയവും വികാരസാന്ദ്രമാണു്. എന്നാൽ വിവേചന നിയന്ത്രണങ്ങളുടെ കാര്യത്തിൽ ചങ്ങമ്പുഴയിൽ കുറവായിട്ടുള്ള ദാർഢ്യം കൂടുതൽ ഉണ്ടുതാനും. അതുപോലെതന്നെ ചങ്ങമ്പുഴ വാചാലനായിരിക്കെ ഭാസ്കരൻ ഒരു വാഗ്മിയായി മാറുന്നു. തന്നിമിത്തം ചങ്ങമ്പുഴയിൽ സുലഭമായി കണ്ടുവരുന്ന പൗനരുക്ത്യം ഭാസ്കരൻ്റെ കവിതകളിൽ സുദുർല്ലഭമാണ്. ഭാവങ്ങളെ മിതപദങ്ങളെക്കൊണ്ടു തെളിച്ചുകാണിക്കുവാൻ കവി ബോധപൂർവ്വം ചെയ്യുന്ന പരിശ്രമം പ്രശംസനീയവുമാണു്.

Leave a Reply

Your email address will not be published. Required fields are marked *