പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

കർക്കിടക മാസത്തിലെ രാപ്പകലുകൾക്കു സജീവമായൊരു ചിത്രം നല്കാൻ കവിയുടെ ഈ വർണ്ണന തികച്ചും പര്യാപ്തമാണു്. ആഖ്യാനാത്മകമായ ഒരു കാവ്യമാണു് ആയിഷ. സംഭവങ്ങൾക്കാണു് ഇവിടെ പ്രാധാന്യമെന്നുള്ളതിൽ സംശയമില്ല. എന്നാൽ ആ സംഭവങ്ങൾക്കു് പ്രേരകമായിത്തീർന്ന മനോഗതികളും ആ സംഭവങ്ങൾ മൂലമുള്ള വികാരവിക്ഷോഭങ്ങളും അനുവാചകഹൃദയങ്ങളിൽ പകരുവാൻ കവി യത്നിക്കേണ്ടതുണ്ട്. ആയിഷയിൽ അത്തരം വർണ്ണനകൾ ചിലതുണ്ടെങ്കിലും അധികഭാഗവും ബാഹ്യരൂപങ്ങളെ പ്രകാശിപ്പിക്കുന്നവ മാത്രമാണു്. കവി വാചാലനായിത്തീരുന്നതാണ് ഇതിനു കാരണം. സംഭവങ്ങളുടെ ഉള്ളിലേക്കു കടക്കേണ്ടതിനു പകരം, പുറമേയുള്ള യാഥാർത്ഥ്യങ്ങളെ വിവരിക്കുവാനാണു് അദ്ദേഹം കൂടുതൽ ശ്രമിക്കുന്നതു്. വാചാലതയെ ബോധപൂർവ്വം നിയന്ത്രിച്ച് കവി മിതഭാഷിയാകേണ്ട പല ഘട്ടങ്ങളും ഇതിലുണ്ട് . അനുവാചകരെ ഞെട്ടിക്കുന്നതിനും കരയിക്കുന്നതിനും അത്തരം മൂകതയാണു് ആവശ്യം. ‘മൂകം കരോതി വാചാലം, എന്നല്ലേ? ആ കവികർമ്മമർമ്മം, ആവേശം പൂണ്ട വാചാലതയിൽ വയലാർ പലപ്പോഴും വിസ്മരിച്ചുപോകുന്നു. അതാണ് ഇദ്ദേഹത്തിൻ്റെ കവിതയ്ക്കുള്ള ഒരു പ്രധാന ന്യൂനത. കാവ്യസമാഹാരങ്ങളിൽ മറ്റൊരു ന്യൂനതകൂടി കാണാറുണ്ട്. മനുഷ്യൻ്റെ ശക്തിസംസ്ക്കാരങ്ങളെ ദർശിച്ച് അതിൽ ഏറ്റവും അഭിമാനം കൊള്ളുന്ന ഒരു കവിയാണു് രാമവർമ്മ. ആ അഭിമാനത്തിൻ്റെ പുളകോദ്ഗമങ്ങൾ സ്വകൃതികളിൽ പലതിലും പകരുന്നതും കാണാം. തന്മൂലം ചങ്ങമ്പുഴക്കവിതയിലെന്നപോലെ ഏകരസത്വവും പൗനരുക്ത്യവും വയലാറിൻ്റെ കൃതികളിലും സാധാരണയായിത്തീരാറുണ്ട്.

ചങ്ങമ്പുഴയെ അനുകരിക്കുന്നവരാണു് ആധുനിക യുവകവികളിൽ അധികം പേരും. എന്നാൽ അനുകർത്താക്കളിൽ മിക്കവർക്കും ആ കവിതയുടെ ജീവനെ പിന്തുടരുവാൻ സാധിച്ചിട്ടുമില്ല. കവിതയിലൂടെ ആത്മാവിഷ്കരണം ചെയ്ത ചൈതന്യവത്തായ പ്രതികരണങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കാത്തതാണു് അതിനു കാരണം. രാമവർമ്മ, ചങ്ങമ്പുഴക്കവിതയുടെ വിജയഹേതുകമായ പ്രസ്തുത കലാമർമ്മം കണ്ടറിഞ്ഞ് അതു സ്വകവിതകളിൽ ഭംഗിയായി, ഏറ്റവും ഭംഗിയായി പ്രയോഗിക്കുവാൻ സമർത്ഥനായിത്തീർന്നിട്ടുള്ള ഒരു യുവകവിയാണു്. സമകാലിക പ്രശ്നങ്ങൾ, കലാമൂല്യം അധികം കളഞ്ഞുകുളിക്കാതെ ഗാനാത്മകമായ വൃത്തങ്ങളിൽ മാധുര്യത്തോടുകൂടി രാമവർമ്മ ഒഴുക്കുമ്പോൾ അതിൽനിന്നുയരുന്ന ചൈതന്യവും ആനന്ദവും അനുഭവവേദ്യമെന്നേ പറയാവൂ.

Leave a Reply

Your email address will not be published. Required fields are marked *