നവീനയുഗം (തുടർച്ച)
തുളസീദാസരാമായണം: മലയാളത്തിൽ അദ്ധ്യാത്മരാമായണം പോലെ ഹിന്ദിസാഹിത്യത്തിൽ ആദ്ധ്യാത്മികചൈതന്യം ചൊരിയുന്ന ഒരു വിശ്രുത ഗ്രന്ഥമാണു് തുളസീദാസരാമായണം. തുളസീദാസകൃതിയായ പ്രസ്തുത രാമായണം മലയാളത്തിൽ പലരും വിവർത്തനം ചെയ്തിട്ടുണ്ട്. ടി. കെ. ഭട്ടതിരിയാണ് അതു ഹിന്ദിയിൽനിന്നു് ആദ്യമായി വിവർത്തനം ചെയ്തതെന്നു തോന്നുന്നു. കാവുങ്ങൽ നീലകണ്ഠപ്പിള്ള, വിദ്വാൻ ഏ. വാസുദേവമേനോൻ എന്നിവരും പ്രസ്തുതകൃതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിദ്വാൻ ടി. കെ. രാമൻമേനോൻ ‘രാമചരിത മാനസം’ എന്ന പേരിൽ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുമുണ്ട്. എന്നാൽ വെണ്ണിക്കുളം സമർപ്പിതചേതസ്സോടെ ചെയ്തിട്ടുള്ള പദ്യവിവർത്തനം ഏതുകൊണ്ടും സ്മരണീയവും ആദരണീയവുമാണു്. പ്രസ്തുത വിവർത്തനത്തെ ആദരിച്ചു് ഒരു ഉത്തരേന്ത്യൻ യൂണിവേഴ്‌സിററിയിൽനിന്നു് ഈ കവീന്ദ്രനു ഡോക്ടർ ബിരുദം നല്കുകയുണ്ടായി. ‘അമ്മയില്ലാത്ത ഗംഗ’ ഒന്നാന്തരം ഒരു ഭാഷാകാവ്യമാണു്. 1967-ൽ കേരള സാഹിത്യഅക്കാദമിയിൽനിന്നു് അവാർഡുനേടിയ കൃതിയാണു് മാണിക്യവീണ. മറ്റു കൃതികൾ: പുഷ്പവൃഷ്ടി, സൗന്ദര്യപൂജ, സരോവരം, മാനസപുത്രി, വെള്ളിത്താലം, വസന്തോത്സവം, കേരളശ്രീ, കലയുടെ കണ്ണിൽ, വെളിച്ചത്തിൻ്റെ അമ്മ, പൊന്നമ്പലമേട്, കാമസുരഭി തുടങ്ങിയവയാണു്.
1980 ആഗസ്റ്റ് 30-ാം തീയതി 78-ാമത്തെ വയസ്സിൽ ഈ വിശിഷ്ടകവി പെട്ടെന്നുണ്ടായ അസുഖംനിമിത്തം വഴുതക്കാട്ടുള്ള സ്വഗൃഹത്തിൽവച്ചു നിര്യാതനായി.
