പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

തനിയേ പാത്രം തേച്ചും തനിയേ പാകം ചെയ്തും
തരളാപാംഗിക്കില്ല ശീലമന്നോളം തെല്ലും.

അത്തരത്തിലുള്ള തരളാപാംഗിമാരെ പരിണയിച്ചിട്ടുള്ള പുത്തൻപരിഷ്കാരികളുടെ ദയനീയജീവിതത്തിൽ ആരും അനുകമ്പാർദ്രിതരായിത്തീരാതിരിക്കുകയുമില്ല. പ്രസ്തുത കാവ്യം വായിച്ചുകഴിയുമ്പോൾ.

ഭാവത്താൽപ്പരസ്പരമാശയം പകർന്നാലും
ഭാവനാമകരന്ദമെത്രമേൽ നുകർന്നാലും
ഇല്ലല്ലോ പരിശാന്തി രാഗസംതൃഷ്ണയ്ക്കേതും
സല്ലാപസുധാരസമുൾക്കൊള്ളാതിരിക്കുകിൽ.

ഇമ്മാതിരി മാധുരിപൂണ്ട വരികൾ വെണ്ണിക്കുളത്തിൻ്റെ ഏതു കൃതിയിലും ധാരാളമായിരിക്കും. അഗാധം, സങ്കീർണ്ണം എന്നൊക്കെ ഈ കവിയുടെ കവിതയെപ്പറ്റി ആരും ആവലാതിപ്പെടുകയില്ല.

നാക്കിലാണമൃതവും വിഷവുമിരിക്കുന്ന-
തോർക്കുവിൻ ചിന്തിക്കുവിനേതിനെ കൈക്കൊള്ളേണം