പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)


മാണിക്യമണിയാമുണ്ണി – സൂര്യനായുസ്സു നീളുവാൻ
സ്വർണ്ണംകൊണ്ടു തുലാഭാരം – തൂക്കുന്നൂ പുലർവേളകൾ.
സന്ധ്യയാകിയ തങ്കത്തിൻ – ബാലാരിഷ്ടകൾ തീരുവാൻ
വെണ്ണകൊണ്ടു തുലാഭാരം – കഴിച്ചൂ ചൈത്രപൗർണ്ണമി.

മനോജ്ഞമായ ഇത്തരം കല്പനകളും ചിത്രങ്ങളും അയത്നമായി നിരത്തിവെക്കുന്ന കവിക്കു് ആയുസ്സു നീളുവാൻ കവിയുടെ കാവ്യങ്ങൾകൊണ്ടുതന്നെ ഗുരുവായൂരപ്പനു് ഒരു തുലാഭാരം തൂക്കിയാൽ കൊള്ളാമെന്നും സഹൃദയന്മാർ ആഗ്രഹിച്ചുപോകാതിരിക്കയില്ല; നിശ്ചയം. ‘നിറപറ’യിലെ ‘കർഷകഗാന’ത്തിലെ ചില വരികൾ ഉദ്ധരിച്ചുകൊള്ളട്ടെ:

കനത്തചൂടാകുന്ന മഞ്ഞുതൊപ്പിയും ചൂടി
നനുത്തൊരിടവത്തിൻ പൂമഴപ്പുതപ്പുമായ്,
വേനലിലെരിമണൽത്താപവും വർഷാകാല-
വാരിവേഗവുമുള്ളിലൊതുക്കും നദിപോലെ
സംതൃപ്തി കലർന്നമ്മേ! നിർമ്മമമന്തർമ്മോദാ-
ലന്വഹം നോൽപ്പു ഞാനീ പുണ്യകർഷകവ്രതം!

രസികൻ കല്പന, മനോജ്ഞമായ അലങ്കാരം, നിർമ്മലമായ ആശയം എന്നിവയെല്ലാം തത്തിക്കളിക്കുന്നതു നോക്കുക.