നവീനയുഗം (തുടർച്ച)
ഭാവനാസമ്പത്തിനാൽ അനുഗൃഹീതനാണ് കുഞ്ഞിരാമൻനായർ. പക്ഷേ, വെള്ളത്തിരപോലെ മേൽക്കുമേൽ വേഗം കൊള്ളുന്ന ഭാവനകളുടെ – കല്പനകളുടെ – അസ്ഥിരതമൂലം വായനക്കാരൻ്റെ മനസ്സ് അവയിൽ ഒന്നിലും ചെന്നുറയ്ക്കാതെ പോകുന്നതാണു നായരുടെ വർണ്ണനകൾക്കുള്ള ഒരു പ്രധാന ദോഷം. വായനക്കാരനു് ഏകീകൃതമായ ഒരനുഭൂതി സിദ്ധിക്കണമെങ്കിൽ കവിക്കുതന്നെ കേന്ദ്രീകൃതമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. പലപ്പോഴും അതില്ലാതെവരുമ്പോഴാണു് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. എങ്കിലും വിശിഷ്ടങ്ങളായ ഇത്രയേറെ കല്പനകൾ ആധുനിക മലയാള കവികളിൽ ഒരാളിലും കാണുന്നില്ലെന്നുള്ളത് കുഞ്ഞി രാമൻനായരുടെ സവിശേഷമായ കഴിവിനെയാണ് പ്രത്യക്ഷമാക്കുന്നത്.
ചുറ്റുമുള്ള ജീവിതപ്രശ്നങ്ങളിൽനിന്നു് പ്രാപഞ്ചികചിന്തയിൽനിന്നുതന്നെയും കവി വളരെ അകന്നു ജീവിക്കുന്നതുപോലെ തോന്നുന്നു. പക്ഷേ, ഒരു ഗുണമുണ്ട്. ഇന്നത്തെ സാമൂഹ്യപ്രശ്നങ്ങളെ എടുത്തു പന്താടുന്ന ചില കവികളുടേയും സാഹിത്യകാരന്മാരുടേയും കൃതികളിലുള്ള രക്തമാംസങ്ങളുടെ ദുസ്സഹദുർഗ്ഗന്ധം കുഞ്ഞിരാമൻനായരുടെ കൃതികളിൽ കാണുകയില്ല. നേരേമറിച്ചു്, അവയിൽ മുല്ലപ്പൂവിൻ്റേയും തുളസിയുടേയും നവസൗരഭ്യം എവിടെയും നിറഞ്ഞുകൊണ്ടിരിക്കയും ചെയ്യും. സൗന്ദര്യദിദൃക്ഷുവും സൗന്ദര്യാരാധകനുമായ അദ്ദേഹത്തിൻ്റെ അനുഭൂതികൾ എപ്പോഴും ശുദ്ധസത്വാത്മകമാണു്. ഭദ്രദീപത്തിൽ, കവി ഗുരുവായൂരെ ദിനരാത്രങ്ങളേയും ഉദയാസ്തമനങ്ങളേയും ചിത്രീകരിക്കുന്ന ഒരു ഭാഗം നോക്കുക:
വഴിപാടുകഴിക്കുന്നൂ – വരും വാസരമൊക്കെയും
താരകാഭരണം ചാർത്തി – ത്തൊഴാനെത്തുന്നു രാത്രികൾ
സ്വർണ്ണക്കസവിണങ്ങുന്നോ – രംബരം ചാർത്തി ശുദ്ധയായ്
കിഴക്കേ നടയിൽക്കൂടി – വന്നു കുമ്പിട്ടു മെല്ലവേ
