നവീനയുഗം (തുടർച്ച)
പി. കുഞ്ഞിരാമൻനായർ: ആധുനി കയുഗത്തിൽ ഓരോ വ്യക്തിയും വിശ്വവിശാലതയിലേക്കുയരുവാൻ ശ്രമിക്കുമ്പോൾ മലബാർകാരനായ പി. കുഞ്ഞിരാമൻനായർ കേരളത്തിലെ നാലതിരുകൾക്കുള്ളിൽ ഉറച്ചുനില്ക്കുവാൻതന്നെ ശ്രമിക്കുന്നു. കവിയുടെ ബാല്യകൗമാരജീവിതങ്ങൾക്കു ഭാരതപ്പുഴയോടും അതിൻ്റെ പരിസരങ്ങളോടും ഒട്ടേറെ ബന്ധമുണ്ടെന്നു തോന്നുന്നു. അദ്ദേഹത്തിൻ്റെ മിക്ക കവിതകളിലും നിളാനദിയുടേയും അതിൻ്റെ പരിസരങ്ങളുടേയും അനുരണനം ഉയർന്നുകേൾക്കുന്നതു് അതുകൊണ്ടുതന്നെയായിരിക്കാം. ഭക്തകവി എന്ന പേർ അദ്ദേഹത്തിനു നല്കിയിട്ടുള്ളതു വളരെ അർത്ഥവത്താണു്. കേരളക്ഷേത്രങ്ങൾ കവിയുടെ മാനസജീവിതത്തിൻ്റെ ഒരു പ്രധാനകേന്ദ്രമായി വർത്തിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യകർമ്മങ്ങൾ പ്രകീർത്തിക്കുവാൻ തന്നെ അദ്ദേഹം ‘ഭദ്രദീപം’ കൊളുത്തുകയുണ്ടായി. ‘നിറപറ’, ‘നിറമാല’ തുടങ്ങിയ കൃതികളിലും ഈ ഭക്തിയുടെ ശക്തിയാണു് ഉയർന്നുകേൾക്കുന്നതു്. ‘അന്തിത്തിരി’യിലും ക്ഷേത്രവും പരിസരങ്ങളും സങ്കീർണ്ണമായിത്തന്നെ നിലകൊള്ളുന്നു. ദേവതാപൂജയാണ് കുഞ്ഞിരാമൻനായരുടെ കവിതയെന്നു പറഞ്ഞാൽ അധികം തെറ്റില്ല. ഈ മാനസപൂജയിൽ ചുറ്റുമുള്ള പ്രകൃതി മുഴുവൻ കവിയുടെ പൂജാദ്രവ്യങ്ങളായി മാറിപ്പോകുന്നു. പക്ഷേ, പാടങ്ങളും പറമ്പുകളും വർണ്ണിക്കുമ്പോൾ അദ്ദേഹം അറിയാതെതന്നെ വർണ്ണ്യവിഷയം ഒന്നിൽനിന്നു മറ്റൊന്നിലേക്കു പകർന്നുപോകുന്നതു കാണാം. അത്തരം ആവർത്തനം അനുവാചകർക്കു ദുസ്സഹമായിത്തോന്നുമെന്നുള്ള ചിന്തയേ അദ്ദേഹത്തിനില്ല.
