നവീനയുഗം (തുടർച്ച)
മംഗളാർച്ചന, ഞാണൊലി, കുരുക്ഷേത്രം, കതിർകാണാക്കിളി, തമസാകാനനങ്ങളിൽ തുടങ്ങി ഇതിലെ ഓരോ കവിതയും ഇതുപോലെ ശ്രദ്ധേയങ്ങളാണു്.
പാലായുടെ കവിതയെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു വസ്തുത പ്രത്യേകം എടുത്തുപറയേണ്ടിവരുന്നു. അതു് അദ്ദേഹം പ്രയോഗിക്കുന്ന കേകാവൃത്തത്തിൻ്റെ മാധുര്യമാണു്. ഇന്നത്തെ പല കവികളും വൃത്തശൈഥില്യം അഥവാ വൃത്തഹീനത ഒരു മേന്മയായി കരുതുന്നു. പക്ഷേ, അതു സമുചിതവൃത്തങ്ങളെ യഥാസ്ഥാനം കൈകാര്യം ചെയ്യുവാനുള്ള അപ്രാപ്തിക്ക് അവർ മൂടുപടമിടുകയാണു ചെയ്യുന്നതെന്നുള്ള വസ്തുത അവർ ഇനിയും മനസ്സിലാക്കുന്നുണ്ടോ എന്നു സംശയമാണു്. ഈ സ്ഥിതിവിശേഷം ആലോചിക്കുമ്പോഴാണു് പാലായുടെ കവിതയും വൃത്തവുമായുള്ള അഭേദ്യബന്ധത്തിൻ്റെ മാറ്റും നിറവും നാം മനസ്സിലാക്കുന്നത്. ആശയം വൃത്തരൂപത്തിൽ പകർത്തുകയല്ല, വൃത്തരൂപത്തിൽ ചിന്തിക്കുവാനുള്ള ഒരു അപൂർവ്വ സിദ്ധിതന്നെ അദ്ദേഹത്തിൻ്റെ കൃതികളിൽ തെളിഞ്ഞുകാണാം. പാലായുടെ ഈ സിദ്ധിയെപ്പറ്റി ചിന്തിക്കുമ്പോൾ അതിൻ്റെ ഉറവിടം എഴുത്തച്ഛൻ്റെ ഭാരതരാമായണകൃതികളാണെന്നുള്ളത് സ്പഷ്ടവുമാണു്. എഴുത്തച്ഛൻ കൃതികളുമായുള്ള താദാത്മ്യം കൊണ്ട് അയത്നമോഹനമായ ഒരു പ്രവാഹം പാലായുടെ കേകാപ്രയോഗത്തിൽ എവിടെയും ആരംഭം മുതൽക്കേ കണ്ടുതുടങ്ങിയിട്ടുള്ളതാണു്. ഇന്നാകട്ടെ, അതു പരിപുഷ്ടമായും തീർന്നിരിക്കുന്നു. നമ്മുടെ കവികളിൽ പലരും കേക കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ, അധികം പേർക്കും അതു സ്വയം വശ്യമാകാതെ കിടന്നു പിടയുകയാണു്. കേകയുടെ മാധുര്യവും ഗാംഭീര്യവും പാലായോളം ഉയർത്തിക്കാണിച്ച കവികൾ അടുത്ത കാലങ്ങളിൽ മലയാളസാഹിത്യത്തിൽ ഉണ്ടായിട്ടില്ലെന്ന യാഥാർത്ഥ്യം ഇവിടെ തുറന്നുപറയേണ്ടിയിരിക്കുന്നു.
