പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

അന്നോളം കഴിഞ്ഞതു- സർവ്വവും മറന്നൂ ഞാൻ,
മന്നോളം മഹത്തായി- വേറൊന്നില്ലെന്നും തോന്നി
ബന്ധനാഗാരം ഹാ ഹാ!- ബന്ധുരപ്രിയാവാസം,
സന്തതാനന്ദോന്മേഷ- സിന്ധുവായ് ലോകാത്ഭുതം.

എന്നീ ഭാഗങ്ങൾ വായിക്കുമ്പോൾ മനുഷ്യജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങൾ ചലച്ചിത്രത്തിലെന്നപോലെ അർത്ഥഗർഭമായി നമ്മുടെ മുന്നിൽ തെളിഞ്ഞുവരുന്നതുപോലെ തോന്നുന്നു. പ്രസ്തുത കവിതയിൽ നിന്നു കൂടുതൽ ഉദ്ധരിക്കുവാനോ, അതിനെപ്പറ്റി എന്തെങ്കിലും പറയുവാനോ ഇവിടെ മുതിരുന്നില്ല. കാവ്യാസ്വാദകർതന്നെ അതു വായിച്ചറിയുകയും ആനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഉള്ളൂരിൻ്റെ പ്രേമസംഗീതം പോലെ കേരളീയസഹൃദയരുടെ സവിശേഷശ്രദ്ധയെ അർഹിക്കുന്ന ചിന്താബന്ധുരമായ ഒരു കൃതിയാണു് ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ ആത്മഗീതമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഈ കവിയിൽനിന്നു് ഇനിയും നല്ല കവിതകൾ നമുക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണു്. പക്ഷേ, അദ്ദേഹം മറ്റു ചിലരെപ്പോലെ തുരുതുരെ കവിതകൾ ഉതിർക്കുകയില്ലായിരിക്കാം. ‘കരിണീ ചിരേണ സൂതേ – സകലമഹീപാലലാളിതം കളഭം’ എന്നുണ്ടല്ലോ.