നവീനയുഗം (തുടർച്ച)
എം. എസ്. കുമാരൻനായർ: കവ്യരസികനും കാവ്യനിർമ്മാതാവുമായ ഒരു സഹൃദയനാണു എം. എസ്. കുമാരൻനായർ. രചനയേക്കാൾ അധികം താല്പര്യം അദ്ദേഹത്തിനു് കാവ്യാസ്വാദനത്തിലാണു്. എങ്കിലും ചിലതൊക്കെ അദ്ദേഹം കുറിക്കാതെയിരുന്നിട്ടില്ല. അലസനിമിഷങ്ങൾ, ഐക്യഭാരതം, കുമാരഗീതങ്ങൾ, കേരളോത്സവം, പുഷ്പനൃത്തം തുടങ്ങിയ സമാഹാരങ്ങൾ അങ്ങനെയുള്ളവയാണു്. സ്വാനുഭൂതിയെ മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാനാണു് കവി ഓരോ കൃതിയിലും യത്നിച്ചിട്ടുള്ളത്. കേരളോത്സവത്തെപ്പറ്റി കവിയുടെ വാക്കിൽത്തന്നെ പറയട്ടെ- “സാംസ്കാരിക കേരളത്തിൻ്റെ ഹൃദയമിടിപ്പുകളെ ദിങ്മാത്രമായി പ്രതിദ്ധ്വനിപ്പിക്കുന്ന ഏതാനും കവിതകൾ” അതിൽ അടങ്ങിയിരിക്കുന്നു. കേരളസംസ്ക്കാരത്തെ സ്പർശിച്ചുള്ള 26 കവിതകളുടെ സമാഹാരമാണതെന്നു പറഞ്ഞാലും തെറ്റില്ല. അതിലെ ‘കൈരളിയുടെ ഓടക്കുഴൽ’ എന്ന കവിതയിൽനിന്നും ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം:
ഇക്കേരളം സർവ്വമുഖ്യ- സംസ്കാരാര്യനികേതനം
വാഗ്ദേവിയും ശ്രീയുമൊപ്പം – വാഴും മംഗളവേദിക!
അലസനിമിഷങ്ങളിൽ ചെറുതും വലുതുമായ 22 കവിതകൾ അടങ്ങിയിരിക്കുന്നു. ജീവിതസ്പർശികളാണ് ഓരോന്നും. സരസനായ കവിയുടെ ഹാസ്യവും ഇവയിൽ പലതിലും ലയിച്ചിരിക്കുന്നതു കാണാം. അക്ഷരശ്ലോകകുതുകിയായ കവി, അക്ഷരശ്ലോകമാഹാത്മ്യത്തെപ്പറ്റി രചിച്ചിട്ടുള്ള ഒരു പദ്യം ഇവിടെ കുറിച്ചു കൊള്ളട്ടെ.
ബാലന്മാർക്കു വിനോദമായ്, യുവജനശ്രേണിക്കൊരുത്സാഹമായ്.
ചാലേ പ്രൗഢതതിക്കു വാശിയധികം തങ്കുന്ന നർമ്മാങ്കമായ്,
കാലത്തിൽ ചുളിവാർന്ന വൃദ്ധവദനം ശ്രീയാളിടും മേളമായ്,
വേലാതീതവിലാസിനീ! ജയതു നീ, ശ്രീ അക്ഷരശ്ലോകമേ!
