പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

സഖാക്കളേ എന്ന കവിതയിൽ,
”ഉണ്ണാതുറങ്ങാതുടുക്കാതെ ജീവിതം
ജീർണ്ണിക്കുമദ്ധ്വാനമാർന്ന നിസ്വാർത്ഥരെ” കവി വിളിച്ചു പറയുകയാണു്:

“പുഷ്ടസൗഭാഗ്യം ജഗത്തിനേകിസ്സദാ
കഷ്ടത കൈനീട്ടി വാങ്ങുകയല്ലി നാം
മേടകൾ തീർത്തു മെലിഞ്ഞു മെയ് വീഴിലും
മാടമൊന്നില്ലാതെ മാഴുകയല്ലി നാം…
ചേണാർന്നുടുപ്പുകൾ ലോകത്തിനേകിയും
നഗ്നത മറയ്ക്കാതിരിപ്പവരല്ലീ നാം.”

ഇങ്ങനെ ഉണ്ണാനും ഉറങ്ങാനും ഉടുക്കാനും നാം കഴിവറ്റവരായിത്തീരുന്നതിൻ്റെ കാരണമെന്തെന്നു കവി അവരോടു ചോദ്യം ചെയ്യുകയും കണ്ണുതുറന്നു കാരണം കണ്ടുപിടിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അടുത്ത കവിതയായ കടത്തുവഞ്ചി വഴി കവി പ്രസ്തുത ചോദ്യത്തിനു സ്വയം ഉത്തരം നല്കാതിരിക്കുന്നുമില്ല.

സംഘടിതവിപ്ലവത്തിൻ്റെ പ്രതിരൂപമായിട്ടാണ് കവി കടത്തുവഞ്ചിയെ ഘടിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ജീവിതക്ലേശങ്ങൾ – പലവിധ അസ്വസ്ഥതകൾ – തട്ടിനീക്കി ആനന്ദപ്രദമായ ഒരു സ്വർഗ്ഗീയജീവിതം നയിക്കുന്നതിനു് ഇന്നത്തെ സമുദായഘടനയിൽ വലിയ മാറ്റം വരുത്തണമെന്നും ഉൽബോധിപ്പിക്കയും, അതിനായി ജനതയോടു്,

മടിച്ചുനില്ക്കാതെ കുതിച്ചുചാടിയി-
ക്കടത്തുവഞ്ചിയിൽ കേറിൻ

എന്നു് ആവർത്തിച്ചാവർത്തിച്ച് കവി ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.