പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ലീലാസൗധത്തിൽ:

ഗംഭീരാരവമാർന്നു വീചിനികരം തല്ലിത്തകർത്തീടുവോ-
രംഭോധിക്കരികിൽസ്സഖാക്കളഖിലം കൂർക്കംവലിച്ചീടവേ,
സംഭുല്ലാശയനങ്ങുണർന്നു നിശയിൽ ധ്യാനിച്ചതില്ലെത്രനാ-
ളെമ്പാടും പടരും തമസ്സരിയുമാ ജ്യോതിസ്സിനെക്കാണുവാൻ!

എന്നിങ്ങനെ ചട്ടമ്പിസ്വാമികളെക്കുറിച്ച് എഴുതിയിട്ടുള്ള പദ്യങ്ങൾ ശബ്ദാർത്ഥ സുന്ദരമെന്നേ പറയാവൂ.

“ചിന്താസുന്ദരകാവ്യവും ലഘുതരം ഭോജ്യങ്ങളും” എന്നു തുടങ്ങുന്ന ‘റൂബായിയാത്തി’ൻ്റെ വിവർത്തനമായ ‘ജീവിതോത്സവം’ എന്ന ചിന്താസുന്ദരകാവ്യവും മേല്പറഞ്ഞ വൃത്തത്തിൽത്തന്നെയാണു രചിച്ചിട്ടുള്ളത്. റൂബായിയാത്തിനു മലയാളത്തിൽ പല വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, അപ്പൻ്റെ ജീവിതോത്സവം അവയിൽ അദ്വിതീയമായ സ്ഥാനത്തെ അർഹിക്കുന്ന ഒരു കൃതിയാണെന്നുകൂടി ഇടയ്ക്കു പറഞ്ഞുകൊള്ളട്ടെ.

സുവർണ്ണോദയം, വെള്ളിനക്ഷത്രം, തരംഗലീല, ജീവിതോത്സവം, സൈനികഗാനം, അന്തിമേഘങ്ങൾ, ബാലികാരാമം, സ്വാതന്ത്ര്യഗീതം, കിളിക്കൊഞ്ചൽ, പനിനീർപ്പൂവും പടവാളും, ലീലാസൗധം, സൗന്ദര്യധാര, അമൃതബിന്ദുക്കൾ, ഉദ്യാനസൂനം, രത്നദീപിക, ഭൂമിയും സ്വർഗ്ഗവും എന്നിവയാണു് പ്രധാന കൃതികൾ.