നവീനയുഗം (തുടർച്ച)
പ്രസാദം: 1973-ൽ ഈ മഹാകവിയുടെ ഷഷ്ടിപൂർത്തി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു സമാഹാരമാണു പ്രസാദം. അക്കാലംവരെപ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതികളിൽനിന്നു തിരഞ്ഞെടുത്ത 138 കവിതകൾ കൊണ്ടലംകൃതമാണിതു്. ജി. ശങ്കരക്കുറുപ്പിൻ്റെ ഓടക്കുഴൽപോലെ കേരളീയർക്കു സമാദരണീയമായ ഒരു ലഘുകാവ്യ സമാഹാരമാണിതെന്നു പറയുവാൻ മടിക്കേണ്ടതില്ല. സമുൽകൃഷ്ടങ്ങളായ ഒട്ടുവളരെ ഭാവഗീതങ്ങൾ ഈ സമാഹരത്തിൽ അടങ്ങിയിരിക്കുന്നു. ദേശപ്രേമം, വിപ്ലവകാരിത തുടങ്ങിയ സവിശേഷഗുണങ്ങൾ നിറഞ്ഞവയാണു് കവിതകൾ എല്ലാംതന്നെ.
ഭാവനാസൗധത്തിൽനിന്നിറങ്ങി വരിക നീ
ജീവചൈതന്യം സദാ തുടിക്കും രംഗങ്ങളിൽ
ആമഗ്നമായീടട്ടെ നിൻ കരൾ മനുഷ്യർ ത-
ന്നാശയിൽ, പ്രതീക്ഷയിൽ, ധാർമ്മീകരണത്തിലും.
സ്വപ്നജീവികളെ ഉണർത്താൻ ഇത്തരം കൃതികൾക്കുള്ള ശക്തി ചെറുതൊന്നുമല്ല.
ഇതിലെ ഒരു ദിവ്യാനുഭൂതി ഒരസാധാരണഭാവഗീതമാണ്. പൗർണ്ണമി ദിവസം രാത്രിയിൽ ഒരു പൂങ്കാവിൽ സഞ്ചരിച്ചുകൊണ്ടിരുന്ന യുവാവിനുണ്ടായ ഒരനുഭവമാണു പ്രമേയം. നക്ഷത്രങ്ങൾ എല്ലാം അലിഞ്ഞുചേർന്നു് സുന്ദരിയായ ഒരു ദിവ്യതരുണിയായി ആ യുവാവിനെ ആശ്ലേഷിക്കുന്നു. അവർ ഒന്നായി ഒരു പ്രകാശമാകുകയും, ആ പ്രകാശം ഒരു താമരപ്പൂവാകുകയും ആ പൂവു് ഒരു മനോഹരഗീതമായി വിശ്വത്തിലെങ്ങും വ്യാപിക്കുകയും ചെയ്യുന്നു. പ്രസ്തുത കവിതയുടെ ഇംഗ്ലീഷ് വിവർത്തനം വായിച്ചിട്ടു് (ഗോൾഡൻ ഗോസ്‌ലിറ്റ് എന്ന പേരിൽ ഈ മഹാകവിയുടെ ഏതാനും കൃതികൾ എം. പ്രഭ 1977-ൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്. പ്രസ്തുത കൃതി അതിൽ ഉൾപ്പെട്ട ഒന്നത്രെ) കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെൽക്കർ പ്രസ്താവിച്ചതു്, ഓരോ പ്രാവശ്യം വായിക്കുമ്പോഴും തനിക്കു പുതിയപുതിയ ആനന്ദാനുഭൂതി ഉളവാകുന്നുവെന്നാണു്. കവിതയുടെ പരമോൽകൃഷ്ടദശയാണല്ലോ ഇതു്.
