പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ആദ്ധ്യാത്മികമായ ചില തത്ത്വങ്ങൾ അനായാസമായി അനുഭവ ഗോചരമാക്കിത്തീർക്കുവാൻ കവിക്കുള്ള കരവിരുതു കാണണമെങ്കിൽ, വെള്ളിനക്ഷത്രത്തിലെ,

മിന്നുന്ന താരത്തിലും പൂവിലും മണലിലും
എന്നുള്ളിലെഴും ദിവ്യചൈതന്യം കിടപ്പുണ്ടാം.
അല്ലായ്കിലതുകളെക്കാണുമ്പോളെനിക്കിത്ര
ഉല്ലാസമുദിക്കുവാൻ ഹേതുവില്ലല്ലോ വേറെ

എന്ന ഭാഗം നോക്കുക. സകല ചരാചരങ്ങളിലും നിഗൂഢമായി വർത്തിക്കുന്ന ദിവ്യ ചൈതന്യത്തെ കവി എത്ര രമണീയമായി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു.

ലീലാസൗധത്തിലെ ‘പുണ്യതീർത്ഥങ്ങളോട്’ എന്ന കവിത പ്രത്യേകം ശ്രദ്ധേയമാണു്. മഹാത്മജിയുടെ ചിതാഭസ്മം പുണ്യതീർത്ഥങ്ങളിൽ ഒഴുക്കിയതിനെസ്സംബന്ധിച്ചുള്ളതാണു് പ്രസ്തുത കവിത. കവിയുടെ ചിന്താഗതി ഉയരുന്നതനുസരിച്ച് അദ്ദേഹത്തിൻ്റെ സങ്കല്പചക്രവാളവും ഇതിൽ വികസിക്കുന്നു. പുണ്യതീർത്ഥങ്ങളോടു കവി അവസാനം അഭ്യർത്ഥിക്കുന്നത് ഇങ്ങനെയാണു:

ഏകസൗഹൃദം പൂത്തു വിലസുന്നൊരു നവ്യ-
ലോകമാരചിക്കുവാൻ സാദരം ശ്രമിക്കുവിൻ
ആ വിശ്വവിരാത്മാവിന്നാഗ്രഹം നിറവേറ്റി-
യാവിധം കൃതാർത്ഥരായ് ഭവിക്കിൻ തീർത്ഥങ്ങളേ!