പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

‘എൻ്റെ വേളി’ കുറുപ്പിൻ്റെ പ്രസിദ്ധിയേറിയ ഒരു കവിതയാണ്. അതിൽ ഒരു വധു, വരൻ്റെ വരവിനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. അതാണു വാച്യാർത്ഥം. എന്നാൽ ആദ്ധ്യാത്മികമായ ഒരു തത്ത്വവും അതിൽ ഉള്ളടക്കിയിട്ടുണ്ട്. മരണസമയത്തു ജീവിതേശൻ്റെ വരവിനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്ന ജീവിതം അഥവാ ജീവിതാത്മാവാണ് അതിലെ വധു. സാക്ഷാൽ ജീവിതേശനായ മരണം, അഥവാ കാലമത്രേ വരൻ. ജീവിതത്തിൻ്റേയും മരണത്തിൻ്റേയും വെറും സാങ്കേതികരൂപത്തെ (Symbol)യാണു് അതിൽ വധൂവരന്മാരായി കല്പിച്ചിട്ടുള്ളതു്. ഒന്നുകൂടി വിശദീകരിക്കുന്നപക്ഷം, വധുവിനെ കാലം അണിയിക്കുന്നതും, വധു, പതിഗേഹം നാകമോ നരകമോ എന്നു ഭയന്നു നിരാശപ്പെടുന്നതും, വരനെ ഭയപ്പെട്ടുകൊണ്ടിരുന്ന വധു ഒടുവിൽ അദ്ദേഹത്തെ സസ്മിതം സ്വീകരിക്കുവാൻ തീരുമാനിക്കുന്നതും, ജന്മഗേഹത്തെ നോക്കി വിഷമിച്ച് യാത്രചോദിക്കുന്നതും, ബന്ധുജനങ്ങൾ വിരഹദുഃഖത്താൽ അന്യോന്യം നോക്കി ”നിഴലായിരുന്നെന്നോ സ്നേഹാധാരമാ രൂപം!” എന്നു പറഞ്ഞ് പിന്നീടു വിലപിക്കുന്നതുമാണ് പ്രസ്തുത കൃതിയിലെ പ്രതിപാദ്യമെന്നു പറയാം. അന്വേഷണം, നിശാഗീതം, അദൃശ്യപുഷ്പം, ഭൃംഗഗീതി, സൂര്യകാന്തി, പങ്കജ ഗീതം, സാക്ഷാത്കാരം തുടങ്ങിയ കവിതകളും ഈയവസരത്തിൽ അനുസ്മരണീയമത്രെ.

ജീവിതമണ്ഡലങ്ങളിലെ ഗഹനവിഷയങ്ങളെ സിംബലുകൾ – പ്രതീകങ്ങൾ – ഉപയോഗിച്ചു വർണ്ണിക്കുന്ന കാവ്യരീതിയാണല്ലോ സിംബോളിസം അഥവാ പ്രതിരൂപാത്മകരീതി. ഇതിനുതന്നെ ഛായാവാദം എന്നൊരു പേരുകൂടിയുണ്ട്. ജീവിതത്തിൻ്റെ സൂക്ഷ്മതരങ്ങളായ ഭാവങ്ങളെ പ്രപഞ്ചത്തിലെ സ്ഥൂലപദാർത്ഥങ്ങളിൽക്കൂടി പ്രകാശിപ്പിക്കുന്ന ഒരുതരം കാവ്യശൈലിയാണിതെന്നും പറയാം. രൂപകാതിശയോക്തി, അപ്രസ്തുത പ്രശംസ എന്നീ അലങ്കാരങ്ങളിൽ ഇതിൻ്റെ ഒരു ഏകദേശരൂപം തങ്ങിനില്ക്കുന്നതു കാണാം. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം തുടങ്ങിയ കൃതികൾ പ്രസിദ്ധങ്ങളാണ്. എന്നാൽ മലയാളത്തിൽ അഭിനവമായവതരിപ്പിച്ച ഈ കവിതാപദ്ധതിക്കു മേൽപ്പറഞ്ഞ മാതൃകകൾ അവലംബമായിത്തീർന്നിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. ഭാഷയിൽ ടാഗോർ കൃതികളോടാണു് ഈ പ്രസ്ഥാനത്തിനു കൂടുതൽ കടപ്പാടുള്ളത്. മലയാളകവിതയിൽ ഈ പ്രസ്ഥാനത്തിനു് ആദ്യം വഴിതെളിച്ചതു് കുമാരനാശാനാണെന്നു തോന്നുന്നു. അദ്ദേഹത്തിൻ്റെ വീണപൂവ് ആ മാർ​ഗ്ഗത്തിൽ വിരചിതമായ ഒരുന്നത കൃതിയാണു്. സാരള്യവും ഭാവലാവണ്യവും കലർന്ന ഒരു മനുഷ്യജീവിതത്തിൻ്റെ ചിത്രം കവി വീണപൂവിൽ ദർശിക്കുന്നു. പരസ്പരപ്രണയത്തിനു പാത്രീഭവിച്ചുവെങ്കിലും ജീവിതാനുഭവത്തിനുമുമ്പ് അകാലചരമം പ്രാപിച്ച ഒരു നായികയുടെ പ്രതീകമാണ് വീണപൂവ്. ആശാൻ്റെ പുഷ്പവാടിയിലെ ‘വണ്ടിൻ പാട്ടും’ ഈ വർഗ്ഗത്തിലുള്ള മറെറാരു കവിതയാണു്.