നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
മിസ്റ്റിസിസം, സിംബോളിസം എന്നീ കാവ്യരീതികളെ പ്രത്യേകപദ്ധതി എന്ന നിലയിൽ ഭാഷാകവിതയിൽ വളർത്തി അതിനു പ്രതിഷ്ഠ നല്കിയതു് ഈ കവിവര്യനാണ്. ജി.യുടെ ഭാവനാസേചനംകൊണ്ട് അവയെ പോഷിപ്പിച്ചിരുന്നില്ലെങ്കിൽ അവ ഇവിടെ അധികമൊന്നും വളരുമായിരുന്നില്ല. ടാഗോർ കൃതികളുമായി കവിക്കുണ്ടായിരുന്ന പരിചയമാണ് ഈ കാവ്യരീതികൾ വളർത്തുന്നതിൽ അദ്ദേഹത്തിനു പ്രേരണ നല്കിയിരുന്നതെന്നും പറയേണ്ടതുണ്ട്.
സർവ്വവസ്തുക്കളിലും വ്യാപിച്ചുനില്ക്കുന്ന പരമാത്മചൈതന്യത്തെ പ്രപഞ്ചവസ്തുക്കളിൽക്കൂടി പ്രതിഫലിപ്പിച്ചു സാക്ഷാൽക്കരിക്കുന്ന സമ്പ്രദായത്തിനാണു മിസ്റ്റിസിസം, യോഗാത്മകകവിത, ആദ്ധ്യാത്മികരഹസ്യവാദം എന്നൊക്കെ പറയുന്നത്. പൂണ്ണതയിലേക്കുള്ള മനുഷ്യാത്മാവിൻ്റെ ഉൽപ്ലവനമാണ് – അന്തർദ്ദാഹമാണ് – ഇവയിലൂടെ മുഴങ്ങിക്കേൾക്കുക. മലയാളത്തിൽ ഈ സാഹിത്യരൂപത്തിൻ്റെ ജനയിതാവ് ആരെന്നു നിർവ്വിവാദം പറയുവാൻ നിർവ്വാഹമില്ല. ശങ്കരക്കുറുപ്പിൻ്റെ നാമധേയത്തോടനുബന്ധിച്ചാണു് മലയാള സാഹിത്യത്തിൽ മിസ്റ്റിസിസത്തെ ഇന്നധികം പേരും പറഞ്ഞുവരാറുള്ളതു്.
