പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

ജി.യുടെ ഒന്നാമത്തെ കൃതി സാഹിത്യകൗതുകം ഒന്നാംഭാഗമായിരുന്നുവെന്നു് ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പില്ക്കാലത്തെ പല കൃതികളും കവിയുടെ ഉത്തരോത്തരമായ ഉയർച്ചയെ വിളംബരം ചെയ്യുന്നവയാണു്. സാഹിത്യകൗതുകം നാലുഭാഗങ്ങൾ, സൂര്യകാന്തി, പൂജാപുഷ്പം, പഥികൻ്റെ പാട്ട്, വനഗായകൻ, നിമിഷം, മുത്തുകൾ, അന്തർദ്ദാഹം, ചെങ്കതിരുകൾ, ഇതളുകൾ, വിശ്വദർശനം, ജീവനസംഗീതം, വെള്ളിൽപ്പറവകൾ, നവാതിഥി, സ്വപ്നസൗധം, പാടുന്ന കല്ലുകൾ, കവനകലിക, മധുരം സൗമ്യം ദീപ്തം, സാഹിത്യകൗതുകം (സാഹിത്യകൗതുകം മൂന്നും നാലും ഭാഗങ്ങളിലുള്ള അഞ്ചു നീണ്ട കവിതകളുടെ സമാഹാരം), ഓടക്കുഴൽ (1950 വരെ കവി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമാഹാരങ്ങളിൽനിന്നു തെരഞ്ഞെടുത്ത അറുപതു ഖണ്ഡകവിതകളുടെ ഒരു സമാഹാരം, വടക്കേ ഇൻഡ്യയിലെ ഒരു ധനാഢ്യനായ എസ്. പി. ജയിനിൻ്റെ ഉടമസ്ഥതയിലുള്ള ‘ഭാരതീയജ്ഞാനപീഠം’ ഏർപ്പെടുത്തിയ ഒരുലക്ഷം രൂപയുടെ സമ്മാനം ഒന്നാമതായി കിട്ടിയത് ഈ കൃതിക്കാണു്.) പാഥേയം (കുറുപ്പിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ഓടക്കുഴൽ ഉൾപ്പെടെയുള്ള സമാഹാരങ്ങളിൽനിന്നു തെരഞ്ഞെടുത്ത 135 കവിതകളും ഇരുട്ടിനുമുമ്പു്, സന്ധ്യ എന്നീ രണ്ടു ലഘുനാടകങ്ങളും ഉൾക്കൊള്ളുന്ന മഹത്തായ ഒരു സമാഹാരഗ്രന്ഥം – മറെറാരു വിധത്തിൽ പറഞ്ഞാൽ കവി കവിതാപഥത്തിൽ സഞ്ചരിച്ചുതുടങ്ങിയ 1920 മുതൽ തൻ്റെ ഷഷ്ടിപൂർത്തിവർഷമായ 1960 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് നാല്പതുകൊല്ലങ്ങൾക്കുള്ളിൽ എഴുതപ്പെട്ട നല്ല കൃതികളുടെ ഒരു സമാഹാരമാണു് പാഥേയം.) എന്നിവയത്രെ പ്രമുഖങ്ങളായ കാവ്യസമാഹാരങ്ങൾ. കവിയും കവിതയും പ്രൗഢവയസ്ക്കതയെ പ്രാപിച്ചുവരുന്നതിൻ്റെ സർവ്വലക്ഷണങ്ങളും ക്രമോന്നതമായി മേൽപ്പറഞ്ഞ കൃതികളിൽ ഓരോന്നിലും പ്രതിബിംബിച്ചു പ്രകാശിക്കുന്നതു ഭാവുകന്മാർക്കു കാണുവാൻ കഴിയും.