പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

പ്രേമം ശരീരഗതമല്ലതു ലോകസൗഖ്യ-
സാമഗ്രിയത്ര വിലവയ്ക്കുവതല്ലതാനും. (സുഭദ്ര)

സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഃഖം,
സ്നേഹമേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാലും. (സൂര്യകാന്തി)

ഇത്തരം വരികൾ ഇവിടെ ഉദ്ധരിക്കത്തക്കവയാണു്. അനുകരണദശയിൽ വർത്തിച്ചിരുന്നപ്പോഴും ശങ്കരക്കുറുപ്പ് യുവകവികളിൽ ശ്രദ്ധേയനും പ്രാമാണികനുമായിരുന്നു. സുഭദ്രയിലെ,

മേലത്രയും പുളകമാർന്നിടുമാ യുവാവെൻ-
ചാരത്തുകൂടെ നടകൊള്ളുകിൽ രണ്ടുപേർക്കും
കാലങ്ങുമിങ്ങുമിടറും, ഹൃദയം തുടിക്കും
ഫാലം വിയർക്കുമൊരു മിന്നലകത്തു പായും

എന്ന ശ്ലോകംതന്നെ നോക്കുക. കാമുകന്മാരുടെ അഭിനവ സാമീപ്യത്തെ എത്രകണ്ടു പുളകോൽഗമകാരിയായി വർണ്ണിച്ചിരിക്കുന്നു! ഇതിലെ ആശയം അചുംബിതമെന്നേ പറയാവൂ. അനുഭവവേദ്യമായ ഇത്തരം ആശയങ്ങൾ ആവിഷ്ക്കരിക്കുന്ന ഒരു കവി എങ്ങനെ ശ്രദ്ധേയനാകാതിരിക്കും?