നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
അതിനു നമ്മുടെ കവി ‘എൻ്റെ കവിതയോട്’ എന്ന തലക്കെട്ടിൽ നല്കിയ മറുപടിയും രസാവഹമായിരുന്നു. അതിലെ ഒരു ഭാഗം ഇവിടെ പകർത്താം:
ഉറക്കമിളച്ചിരുന്നീടും ഞാൻ നക്ഷത്രത്തി, –
ലുറക്കെക്കേണും കൊണ്ടുപോകും ഞാൻ കൊടുങ്കാററിൽ
സോമലേഖയിൽക്കൂടിക്കാമിക്കും കടലിനെ
സോമലേഖയെത്തന്നെ മുകരും കടലായ് ഞാൻ
കൂടുവിട്ടേവം കൂടുമാറിയീ പ്രകൃതിയി-
ലോടുവാനെന്താനന്ദമാണെന്നോ! ക്ഷമിക്കുക!
പ്രകൃത്യുപാസകൻ എന്നപോലെതന്നെ ജി. ആരംഭംമുതല്ക്കേ സൗന്ദര്യാസ്വാദകനുമായിരുന്നു. സാഹിത്യകൗതുകത്തിലെ കവിതകളിൽ ഗണ്യമായ ഒരു ഭാഗം പ്രേമഗീതങ്ങൾതന്നെയാണു്. പക്ഷേ, വെണ്മണിപ്രഭൃതികളുടെ മാംസനിബദ്ധമായ രാഗമല്ല അവയിലുള്ളതു്. ആശാനെപ്പോലെതന്നെ യഥാർത്ഥപ്രേമത്തിൻ്റെ അനശ്വരത്വം കുറുപ്പും പലയിടത്തും പ്രകീർത്തിക്കുന്നുണ്ട്:
പ്രേമം ജയിപ്പൂ സകലോപരി; ജീവജാല-
ധൂമത്തിനെസ്സുരഭിയാക്കുവതൊന്നതത്രേ
ഹേമപ്രഭാതകിരണങ്ങൾ കറുക്കുമെന്ന-
ല്ലോമൽസ്സുമം വിളറുമേൽക്കിലതിന്നു ഭംഗം.
വേവില്ല തീയിലതു,വാളിനു വേർപെടുത്താ-
നാവില്ല; കാലഗതി മാറ്റു കുറയ്ക്കുകില്ല;
ഭൂവിണ്ണിതൊന്നുമതിരല്ല, തിനുള്ള ചൂടു-
പോവില്ല ഘോരമൃതിതന്റെ തണുപ്പിനാലും. (ഒരു സതി)
