നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
അന്നു മഹാകവികളായി പേർപെറ്റ കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ ത്രിമൂർത്തികൾ നിസ്തുലഭാസ്സോടെ വിലസുന്ന കാലമായിരുന്നു. യുവകവികളിൽ പലരും അക്കാലത്തു് അവരവരുടെ കഴിവുപോലെ ഈ മഹാകവികളിൽ ഓരോരുത്തരെ അനുകരിച്ചു കാവ്യരചന ചെയ്തുവരികയായിരുന്നു പതിവു്. ശങ്കരക്കുറുപ്പും ഈ ത്രിമൂർത്തികളെ അനുകരിക്കാതിരുന്നില്ല. വള്ളത്തോളിനെയാണു കുറുപ്പു് കൂടുതൽ അനുകരിച്ചിരുന്നതെന്നു തോന്നുന്നു. കുറുപ്പിൻ്റെ ആദ്യകാലകവിതകളിൽ അധികവും പ്രകൃതിയും പ്രേമവും ദേശാഭിമാനവും ഉൾക്കൊള്ളുന്നവയാണു്. ‘സാഹിത്യകൗതുക’ത്തിലെ കവിതകളിൽ അധികഭാഗവും ഈ അനുകരണദശയിൽ നിർമ്മിച്ചവയാണെന്നു പറയാം. 1923-ലാണ് സാഹിത്യകൗതുകം ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രതിപാദ്യവിഷയത്തിലും ആവിഷ്ക്കരണരീതിയിലും എന്നല്ല, ഗ്രന്ഥനാമത്തിൽപ്പോലും വള്ളത്തോൾകൃതികളെ കവി അനുകരിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ അതു് അധികം തെറ്റായിരിക്കയില്ല.
ആരംഭം മുതൽക്കേ ജി. പ്രകൃത്യുപാസകനായിരുന്നുവെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലൊ. പ്രകൃതിയുടെ ആകർഷണവീചികളിൽപ്പെടുവാൻ മാത്രമല്ല, അവയിൽ ലയിച്ചുചേരുവാൻ തന്നെ കവി ഔത്സുക്യം പ്രകടിപ്പിച്ചുപോന്നു. റൊമാൻറിക് രീതിയിലുള്ള ഏതാനും നല്ല കവിതകളുടെ സമാഹാരമായ ‘സൂര്യകാന്തി’യെ പുരസ്ക്കരിച്ച് അക്കാലത്ത് ഏ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന ‘കേസരി’ വാരികയിൽ ചെയ്തിരുന്ന നിരൂപണങ്ങൾ ഈയവസരത്തിൽ ഓർമ്മയിൽ വന്നുചേരുന്നു. നക്ഷത്രങ്ങളേയും കടലിനേയും മാത്രം നോക്കിയിരിക്കാതെ ഇപ്പോഴത്തെ ചുറ്റുപാടുകളിൽ ശ്രദ്ധചെലുത്തി റിയലിസ്റ്റ് കൃതികൾ എഴുതി മുന്നേറുകയാണു് ഉത്തിഷ്ഠമാനനായ കുറുപ്പു ചെയ്യേണ്ടതെന്നായിരുന്നു നിരൂപണങ്ങളിലൂടെ പ്രധാനമായും അന്നു പ്രകാശിപ്പിച്ചിരുന്നതെന്നു തോന്നുന്നു.
