നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ഓടക്കുഴലിനു ശേഷമുള്ള ജി.യുടെ കാവ്യസൃഷ്ടി പൂർവ്വാധികം വികസ്വരമായി ഉയർന്നുകൊണ്ടിരിക്കയാണെന്ന വസ്തുതകൂടി ഈയവസരത്തിൽ വ്യക്തമാക്കിക്കൊള്ളട്ടെ. അതോടൊപ്പം ഒരു പൂർവ്വപക്ഷമുള്ളതുകൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. ജി. യഥാർത്ഥകവിത്വത്തിൻ്റെ യുഗാന്തരകാരിയായ അധിഷ്ഠാനമൂർത്തിയാണോ എന്നുള്ള ശങ്കയാണതു്. അക്കാര്യത്തിൽ വിധിയെഴുതേണ്ടത് ഇന്നല്ല, നാളെയായിരിക്കുമെന്നേ പറയാനുള്ളു. കാലമാണല്ലോ ശാശ്വതങ്ങളായുള്ളവയുടെ വിധികർത്താവു്. അവിടം നില്ക്കട്ടെ. മലയാളഭാഷയുടേയും മലയാളകവിതയുടേയും പേരും പെരുമയും ആസേതുഹിമാചലം പ്രചരിപ്പിച്ച ഓടക്കുഴൽകർത്താവു്, കേരളീയരുടെ ആകമാനം അഭിമാനഭാജനമായിത്തീർന്നിരിക്കയാണ്.
ഈ അടുത്തകാലത്തു് (1968 ജനുവരി) ഭാരത സർക്കാർ പത്മഭൂഷണ ബിരുദം കൊണ്ടു മഹാകവിയെ ബഹുമാനിച്ചതും രാഷ്ട്രപതി രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തതും (1968 ഏപ്രിൽ) സർവ്വഥാ സമുചിതമെന്നേ പറയേണ്ടൂ. ആധുനിക ഭാരതത്തിലെ പ്രശസ്ത മഹാകവിയായുയർന്നു കഴിഞ്ഞ ആ ഭാഗ്യതാരം, നമ്മുടെ കാവ്യാന്തരീക്ഷത്തെ ഇനിയും കൂടുതൽ കൂടുതൽ വിസ്തൃതവും വിമോഹനവും ഫലാഢ്യവുമാക്കി ചിരകാലം വർത്തിക്കുമാറാകട്ടെ എന്നു് ആശംസിച്ചുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കുന്നു.
