പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

സാഹിത്യകൗതുകം. സൂര്യകാന്തി, പൂജാപുഷ്പം എന്നു തുടങ്ങി 1958 വരെ ജി. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇരുപതിലധികം സമാഹാരങ്ങളിൽനിന്നു് ഏറ്റവും പ്രസിദ്ധിയും പ്രചാരവുമേറിയ അറുപതു കവിതകൾ പ്രത്യേകം തെരഞ്ഞെടുത്ത് എസ്. ഗുപ്തൻനായരുടെ പഠനാർഹമായ അവതാരികയോടുകൂടി കോഴിക്കോട്ടുനിന്നു മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു കാവ്യസമാഹാരമാണു് ജ്ഞാനപീഠത്തിൻ്റെ സമ്മാനത്തിനു് അർഹമായിത്തീർന്ന ഓടക്കുഴൽ. പ്രസ്തുത സമാഹാരത്തിൽ ചേർത്തിട്ടുള്ള ആദ്യത്തെ കവിതയുടെ നാമധേയമാണു് ഓടക്കുഴൽ എന്നതു്. ആ കവിതയെ അടിസ്ഥാനമാക്കി ആ സമാഹാരത്തിനു മുഴുവൻ ഓടക്കുഴൽ എന്ന പേരു നല്കിയിരിക്കയാണെന്നുള്ള വസ്തുത കൂടി ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.

മഹാകവിയുടെ കൃതികളെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചുകഴിഞ്ഞിട്ടുള്ളതാണല്ലോ. ജി. ഒരു പ്രകൃത്യുപാസകനും പ്രേമഗായകനുമായിട്ടാണു് കാവ്യമേഖലയിൽ കടന്നുവന്നതെന്നു നാം മനസ്സിലാക്കിയിട്ടുള്ളതാണു്. ഭാരതത്തിൽ പില്ക്കാലത്തുണ്ടായ രാഷ്ട്രീയ നവോത്ഥാനത്തിലും സാമൂഹ്യജീവിതപരിവർത്തനങ്ങളിലും ഉൽപതിഷ്ണുവായ കവി ദത്താവധാനനായിത്തീരുകയും, ആ വഴിക്കെല്ലാം തൻ്റെ തൂലികയെ വിദഗ്ദ്ധമായി ചലിപ്പിക്കയും ചെയ്തുപോന്നു. ആ ആദ്യഘട്ടത്തിൽപ്പോലും ജി. തൻ്റേതായ ഒരു സവിശേഷവ്യക്തിത്വം കാവ്യരചനയിൽ പ്രകാശിപ്പിച്ചുകൊണ്ടുമിരുന്നു. മനുഷ്യകഥയെ പ്രപഞ്ചഭാവങ്ങളിലൂടെ പ്രകാശിപ്പിക്കുവാനുള്ള ഒരു പ്രവണതയാണു പില്ക്കാലത്തു് ഈ പ്രൗഢ കവിയിൽ വളർന്നുതുടങ്ങിയതു്. സാമൂഹ്യപരിവർത്തനത്തിനു പ്രചോദനമരുളുന്ന പല വിപ്ലവകവിതകളും ഈ കാലഘട്ടത്തിൽ ഉടലെടുക്കാതെയുമിരുന്നില്ല. ഇവയുടെയെല്ലാം സവിശേഷദൃഷ്ടാന്തങ്ങൾ ഓടക്കുഴലിലെ കാവ്യഖണ്ഡങ്ങളിൽ നിരന്നിട്ടുള്ളതു സൂക്ഷ്മദൃക്കുകൾക്കു കാണാവുന്ന ഒരു കാഴ്ചയാണു്.