നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ഇരുപതാം നൂറ്റാണ്ടു പിറന്നു് ആറുമാസം കഴിഞ്ഞപ്പോൾ അതായത് 1901 ജൂൺ 3-ാം തീയതി മേല്പറഞ്ഞ ഗ്രാമത്തിൽ ജനിച്ച നമ്മുടെ കവി 17-ാ മത്തെ വയസ്സിൽ,
നീരന്ധ്രനീല ജലദപ്പലകപ്പുറത്തു
വാരഞ്ചിടുന്ന വളർവില്ലു വരച്ചു മാച്ചും
നേരറ്റ കൈവളകളാൽ ചില മിന്നൽചേർത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം
എന്നിങ്ങനെ ആ വിശ്വപ്രകൃതിയെ അസ്സലായി കൂപ്പിക്കൊണ്ടാണു ശരിക്കുള്ള കാവ്യരചനയ്ക്കു മുതിർന്നിട്ടുള്ളതുതന്നെ.
ശങ്കരക്കുറുപ്പ് വിദ്യാർത്ഥിയായിരുന്ന കൗമാരകാലം മുതൽക്കേ പദ്യങ്ങൾ എഴുതിക്കൊണ്ടിരുന്നു. പക്ഷേ, അതെല്ലാം പദ്യനിർമ്മാണകൗതുകത്തെ പുലർത്തുവാൻ മാത്രമേ പര്യാപ്തമായിരുന്നുള്ളു. ജി. തിരുവിതാംകൂറിലെ മുഖ്യപരീക്ഷയെഴുതി സ്വഗൃഹത്തിൽ കഴിയുന്ന കാലത്തു നിർമ്മിച്ച പദ്യങ്ങളിൽ ഒന്നാണു് മേലുദ്ധരിച്ചതു്. അന്നു് ‘ആത്മപോഷിണി’യുടെ പത്രാധിപരായിരുന്ന മഹാകവി വള്ളത്തോളിൻ്റെ പേർക്കു് അതു് അയച്ചുകൊടുക്കുകയും, മഹാകവി ആ മംഗളശ്ലോകം ആത്മപോഷിണിയിൽ ചേർക്കുകയും, പ്രോത്സാഹജനകമായ അഭിനന്ദനം കുറുപ്പിൻ്റെ പേർക്ക് കുറിച്ചയയ്ക്കുകയും ചെയ്തു. ഇക്കാലം മുതല്ക്കാണു നമ്മുടെ കവി, കവിതാപഥത്തിൽക്കൂടി ധൈര്യപൂർവ്വം മുന്നോട്ടു നീങ്ങിത്തുടങ്ങിയതെന്നു പറഞ്ഞാൽ അതിൽ അധികം തെറ്റില്ല.
