നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
പക്ഷേ, ഞൊടിയിടകൊണ്ടു സംഭവിക്കേണ്ടതു സംഭവിച്ചുകഴിഞ്ഞു. തനിക്കൊരു കൈപ്പിഴ പറ്റുകയാണുണ്ടായതെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള യുക്തി അയാൾക്കുണ്ടായെങ്കിലും, തന്നിൽത്തന്നെയുള്ള മനസ്സാക്ഷി അയാളെ ആ മരണം പീഡിപ്പിക്കുകതന്നെചെയ്തു. ഇത്തരത്തിൽ എത്ര എത്ര പെരുന്തച്ചന്മാരും ജീവിത മരണങ്ങളും ഭൂമുഖത്തു വന്നും പോയുംകൊണ്ടിരിക്കുന്നില്ല? ചില മനശ്ശാസ്ത്രസിദ്ധാന്തങ്ങൾ ഈ കവിതയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്. ‘ശ്വസിക്കുന്ന പട്ടട’, ‘ചന്ദനക്കട്ടിൽ’ മുതലായ കൃതികളും ഇതുപോലെ ഹൃദയദ്രവീകരണസമർത്ഥങ്ങളായ ഒന്നാന്തരം സംഭവാഖ്യാനങ്ങളത്രെ. കേരളത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പു നടന്ന വിമോചനസമരത്തിൽ വെടിയേറ്റു മരിച്ച ഫ്ളോറിയെന്ന വനിതയെ പുരസ്ക്കരിച്ചു വിരചിച്ച ‘അന്ത്യമാല്യ’വും ഈയവസരത്തിൽ ചൂണ്ടിക്കാണിക്കുവാൻ മതിയായ ഒന്നുതന്നെ. ‘ജീവനസംഗീതത്തിലെ ‘നിഴലുകൾ നീളുന്നു’, ‘പാതി നേര് പാതി നുണ’, ‘ശിവതാണ്ഡവം’ മുതലായ ഭാവഗീതികളും ഈയവസരത്തിൽ സ്മരണയിൽ വന്നുചേരുന്നു. അവ പ്രത്യേകം ശ്രദ്ധ അർഹിക്കുന്നവയുമാണു്. എന്നാൽ തല്ക്കാലം ആ ഭാഗത്തേക്കൊന്നും കടക്കുവാൻ മുതിരുന്നില്ല. അതു പോലെതന്നെ ‘മധുരം സൗമ്യം ദീപ്തം’ മുതലായ സമാഹാരങ്ങളിലേക്കും.
വന്ദനം സനാതനാനുക്ഷണവികസ്വര-
സുന്ദരപ്രപഞ്ചാദികന്ദമാം പ്രഭാവമേ!
നിന്നിൽ നീ കുരുക്കുന്നു, നിന്നിൽ നീ വിടരുന്നു
നിൻ നിസർഗ്ഗാവിഷ്കാരകൗതുകമനാദ്യന്തം
എന്നു തുടങ്ങുന്ന ‘വിശ്വദർശനം’, കവിയുടെ വ്യക്തിത്വം തികച്ചും പ്രകാശിപ്പിക്കുന്ന ഉൽകൃഷ്ടമായ ഒരു ഭാവാത്മക കവിതയത്രെ.
