പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

അങ്ങനെ സംഭവിച്ചാലുണ്ടാകാവുന്ന സാമൂഹ്യപരിഷ്കാരങ്ങൾ എന്തൊക്കെയെന്നു കവി കുറഞ്ഞൊന്നു ചിത്രീകരിക്കയും ചെയ്യുന്നു.

ജീവിതം വിഷമയമാകുമാറെന്തെന്തെല്ലാ-
മാവിലവികാരങ്ങൾ, ജീർണ്ണിച്ച വിശ്വാസങ്ങൾ,
ജനമർദ്ദനത്തിൻ്റെ കറയും കണ്ണീരിൻ്റെ
നനവും മീതേകോലുമിരുമ്പിൻ ചെങ്കോലുകൾ,
തങ്ങളിൽ തല്ലിക്കീറിയാന്ധ്യത്തിൻ ചേറാൽ നാറി
മങ്ങലാർന്നിടും ജീർണ്ണമതത്തിൻ കുപ്പായങ്ങൾ,
നീതിതൻ ചാലിൻവക്കിൽ സ്വാർത്ഥത്തിൻ പുറ്റുണ്ടാക്കി
പ്രീതിയിൽ ചുരുണ്ടെഴുമിരുണ്ട മാത്സര്യങ്ങൾ
ഈവകയെല്ലാം പക്ഷേ, നീ കളഞ്ഞേനേ, നിൻ്റെ
തൂവലാൽ തെളിഞ്ഞേനേ ജീവിതത്തെരുവുകൾ!

എത്രകണ്ടു വിചാരമധുരമായ ഭാവനയാണു് കവി ഇവിടെ പടർത്തി വിതാനിച്ചിട്ടുള്ളതെന്നു നോക്കുക. ‘ഏകലോകം’ മുതലായ കവിതകളിലും കവിയുടെ വിപ്ലവാഭിനിവേശവും മനുഷ്യവർഗ്ഗപ്രേമവും തെളിഞ്ഞു കാണാം.