നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ശങ്കരക്കുറുപ്പു് യുവാവായിരുന്നപ്പോൾത്തന്നെ പ്രാമാണികനായിരുന്നുവെന്നു്
ആദ്യമേ സൂചിപ്പിച്ചിട്ടുള്ളതാണു്. പ്രാമാണികൻ മാത്രമല്ല, ഉല്പതിഷ്ണുക്കളിൽ ഉല്പതിഷ്ണുവുമായിരുന്നു, അദ്ദേഹം. കാലത്തേയും കാലത്താൽ നിർമ്മിതമായ പരിതഃസ്ഥിതികളേയും അദ്ദേഹം വിസ്മരിച്ചിരുന്നില്ല. ജനാഭിലാഷങ്ങൾക്ക് ഉചിതമായ ഭാവവും രൂപവും കൊടുക്കാൻ യഥാകാലം അദ്ദേഹം യത്നിച്ചിട്ടുണ്ട്. മർദ്ദിതൻ്റേയും തൊഴിലാളിയുടേയും ദയനീയതയിൽ സഹതപിക്കുകയും അവരുടെ ഉല്ക്കർഷത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി തീക്ഷ്ണമായി വാദിക്കയും ചെയ്തിട്ടുമുണ്ട്. പൂജാപുഷ്പത്തിലെ ‘നാളെ’ ഒരു വിപ്ലവകവിതതന്നെയാണു്. അതിൻ്റെ ആന്തരാർത്ഥം അഥവാ കവിയുടെ ഭാഷയിൽത്തന്നെ ഇവിടെ പകർത്തിക്കൊള്ളട്ടെ: ”ജന്മസിദ്ധങ്ങളായ പ്രത്യേക പദവികളും അന്യായാർജ്ജിതങ്ങളായ സുഖഭോഗാധികാരങ്ങളുമുള്ള അല്പപക്ഷത്തിൻ്റെ പ്രഭാവം മാഞ്ഞു് എല്ലാവർക്കും വെളിച്ചവും കാറ്റും നല്കുന്ന ഒരു ‘നാളെ’ തെളിഞ്ഞുവരുന്നതിൻ്റെ ദർശനവു”മാണു് അതിനുള്ളിലുള്ളത്: കുറുപ്പ് എറണാകുളം മഹാരാജാസ് കോളജിൽ ജോലിക്കായി ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് – 1937-ലാണ് – പ്രസ്തുത കവിത മാതൃഭൂമിയിലോ മറ്റോ പ്രസിദ്ധപ്പെടുത്തിയിരുന്നതെന്നു തോന്നുന്നു. മേല്പറഞ്ഞ ഉദ്യോഗലബ്ധിയെ തടയാൻവേണ്ടി അന്നു ചിലർ പ്രസ്തുത കവിതയിൽ കമ്മ്യൂണിസം അഥവാ രാജ്യദ്രോഹം കുത്തിനിറച്ചിരിക്കയാണെന്നും മററും വ്യാഖ്യാനിച്ചു ബഹളംകൂട്ടിയ കഥയും ഈ എഴുത്തുകാരൻ ഇപ്പോൾ ഓർമ്മിച്ചു പോവുകയാണു്.
ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോർത്തു
വന്മദം ഭാവിക്കുന്നോരുന്നതനക്ഷത്രമേ!
