നവീനഗദ്യോദയം
കൃതികൾ: വലിയകോയിത്തമ്പുരാൻ്റെ കൃതികൾ എന്നു കേൾക്കുമ്പോൾ മയൂരസന്ദേശാദികാവ്യങ്ങളിലേക്കാണു് നമ്മുടെ ശ്രദ്ധ ആദ്യമായി ചെന്നുചേരുന്നതു്. അവിടുത്തെ സ്വതന്ത്രങ്ങളായ കൃതികളും അവയത്രേ! എന്നാൽ അവ ഗദ്യകൃതികളിൽ ഉൾപ്പെടുന്നവയല്ലല്ലൊ. അഭിജ്ഞാനശാകുന്തളം അവിടുത്തെ പ്രധാനകൃതിയാണു്. ആ കൃതിയുടെ വിവർത്തനത്തോടുകൂടിയാണു് ‘കേരളകാളിദാസൻ’ എന്ന പേരിൽ അവിടുന്നു പ്രസിദ്ധനായിത്തീർന്നതു്. പ്രസ്തുതകൃതി പദ്യപ്രധാനമാകയാൽ പദ്യശാഖയിൽ ഉൾപ്പെടുത്തുന്നതായിരിക്കും അധികം ഉത്തമം. വലിയ കോയിത്തമ്പുരാൻ്റെ ഗദ്യകൃതികളിൽ മുഖ്യമായിട്ടുള്ളതു വിജ്ഞാന മഞ്ജരി, സന്മാർഗ്ഗ പ്രദീപം, ധനതത്വനിരൂപണം, ലോകത്തിൻ്റെ ശൈശവാവസ്ഥ, ഇൻഡ്യാചരിത്രകഥകൾ, തിരുവിതാംകൂർ ചരിത്രകഥകൾ, യുവാക്കന്മാരോടുള്ള ഉപദേശങ്ങൾ, സന്മാർഗ്ഗവിവരണം, മഹച്ചരിത സംഗ്രഹം, അൿബർ എന്നിവയാണു്. ഇവയ്ക്കു പുറമേ അനവധി പ്രൗഢോപന്യാസങ്ങളും പ്രസംഗങ്ങളും അവതാരികകളും അവിടുത്തെ ഗദ്യകൃതികളായിട്ടുണ്ടു്.
വലിയ കോയിത്തമ്പുരാൻ്റെ ഗദ്യകൃതികൾ മിക്കവയും തർജ്ജമകളാണു്. തള്ളിത്തിങ്ങിവരുന്ന നവീനാശയങ്ങളെ ഭാഷയിൽ ആവിഷ്ക്കരിക്കുവാനുള്ള പ്രഥമോദ്യമമാണു് അവിടുത്തെ കൃതികളിൽ പ്രകടമായിക്കാണുന്നതു്. എന്നാൽ ഭാഷ രീതിയിൽ ഓരോന്നും ഭിന്നഭിന്നമായി കാണപ്പെടുന്നു. ആദർശവ്യത്യാസമായിരിക്കാം ഒരുപക്ഷേ, അതിനു കാരണം. അധികാരിഭേദമനുസരിച്ചു് ഒന്നിനുതന്നെ പല രൂപങ്ങൾ കാണുമാറുണ്ടല്ലോ. എന്നാൽ ഒന്നാംപാഠം തുടങ്ങിയ പാഠാവലികളിലെ എല്ലാ ഉപന്യാസങ്ങളും വലിയകോയിത്തമ്പുരാൻ എഴുതിയിട്ടുള്ളവയല്ലെന്നും ഇവിടെ സ്മരിക്കേണ്ടതുണ്ട്. പാഠ്യപുസ്തകങ്ങൾ മിക്കവയും അവിടുന്നു മറ്റുള്ള സാമാജികന്മാരുടെ സഹായത്തോടുകൂടി നിമ്മിർച്ചിട്ടുള്ളവയാണു്. അവയിൽ ഏതേതു പ്രബന്ധങ്ങളാണു് വലിയകോയിത്തമ്പുരാൻ്റേതെന്നു നിസ്തർക്കം നിർണ്ണയിക്കുവാൻ നിവൃത്തിയില്ല. എങ്കിലും, എല്ലാ പ്രബന്ധങ്ങളും അവിടുന്നു പരിശോധിച്ചിട്ടുള്ളതുകൊണ്ടും, എല്ലാറ്റിലും അവിടുത്തെ കരസ്പർശം വേണ്ടപോലെ ഉണ്ടായിട്ടുള്ളതുകൊണ്ടും എല്ലാം അവിടുന്നു രചിച്ചതായിത്തന്നെ കരുതുവാനേ ഇപ്പോൾ തരമുള്ളൂ. ബാലവിദ്യാർത്ഥികളെ ഉദ്ദേശിച്ചു നിർമ്മിച്ചിട്ടുള്ള ഒന്നാംപാഠം, രണ്ടാം പാഠം, മൂന്നാംപാഠം, വിജ്ഞാനമഞ്ജരി തുടങ്ങിയവയിലെ രീതി പ്രായേണ സരളമാണെന്നുതന്നെ പറയാം. വിഷയസ്വഭാവവും മിക്കവാറും അതിനിണങ്ങിയതുതന്നെ:
“ടിപ്പു തനിക്കുണ്ടായ അപമാനത്തിനും പരാജയത്തിനും പകരം വീട്ടണമെന്നു നിശ്ചയിച്ചു, അടുത്ത മീനമാസത്തിൽ തക്കതായ സന്നാഹത്തോടുകൂടി വീണ്ടും ആയിക്കോട്ടയെ ഉപരോധിച്ചു. തിരുവിതാംകോടുകടന്നു കൊള്ള ചെയ്തുകൊണ്ടു് ആലുവാവരെ തെക്കോട്ടുവരികയും. അപ്പോഴേക്കും മഹാരാജാവിൻ്റെ ബന്ധുക്കളായ കമ്പനിക്കാർ മൈസൂരിലെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തെ ആക്രമിച്ചിരിക്കുന്ന വർത്തമാനം കേട്ട്, തെക്കോട്ടുപോവാനായിട്ടുതന്നെ’ വടക്കോട്ടു തിരിക്കുകയും ചെയ്തു.* (സർക്കാർ ഒന്നാം പാഠം)
