നവീനഗദ്യോദയം
ബുക്കു കമ്മററിയുടെ അദ്ധ്യക്ഷൻ: തിരുവിതാംകൂറിൽ അന്നു ദിവാനായിരുന്ന സർ. ടി. മാധവറാവു വിദ്യാഭ്യാസസംബന്ധമായ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കുന്ന കാലമായിരുന്നു. അതു മലയാളഭാഷയുടെ പോഷണത്തിനും പാറിയ ഒരു അന്തരിക്ഷത്തെ ഉളവാക്കിത്തീർത്തു. തിരുവിതാംകൂറിൽ ഇന്നു കാണപ്പെടുന്ന നാട്ടുഭാഷാ വിദ്യാലയങ്ങൾ പ്രസ്തുത പരിഷ്കാരത്തിൻ്റെ ഫലമായി ഉണ്ടായിത്തുടങ്ങിയവയാണ്
അന്നു ആ വിദ്യാലയങ്ങളിലേക്കാവശ്യമായ പാഠ്യപുസ്തകങ്ങൾ നിശ്ചയിക്കുന്ന കമ്മറ്റിയിലെ ഒരംഗമായിരുന്നു കേരളവർമ്മ. പിന്നീട്, 1043-ാമാണ്ടുമുതൽ അവിടുന്നു അതിൻ്റെ അദ്ധ്യക്ഷനായും തീർന്നു. ഈ സ്ഥാനലബ്ധിയേയും മറ്റും പറ്റി 1082-ൽ തിരുവനന്തപുരം കോളേജുസമാജത്തിൻ്റെ വാർഷിക സമ്മേളനത്തിൽ, അദ്ധ്യക്ഷനെന്ന നിലയിൽ കോയിത്തമ്പുരാൻ ചെയ്ത പ്രസംഗത്തിൽ ഇങ്ങനെ പരാമർശിച്ചു കാണുന്നു:
“പള്ളിക്കൂടങ്ങളെല്ലാം സ്ഥാപിച്ചു. പക്ഷേ, പഠിപ്പിക്കുന്നതിനു പുസ്തകമില്ല. അതിനാൽ പുസ്തകങ്ങളെഴുതുന്നതിനായി ഒരു ബുക്കുകമ്മറ്റിയെ ഏർപ്പെടുത്തി. ഇതിന്റെ അദ്ധ്യക്ഷനായി മഹാരാജാവിൻ്റെ ഇംഗ്ലീഷദ്ധ്യാപകനായിരുന്ന അണ്ണാജിരായരേയും, സാമാജികന്മാരായി പണ്ഡിതർ സുബ്ബയ്യാദീക്ഷിതരേയും, കോളേജുമുൻഷിയായിരുന്ന രാമൻ തമ്പിയേയും നിയമിച്ചു. രായർക്കു മലയാളഭാഷ അശേഷം അറിഞ്ഞുകൂടായിരുന്നു. ദീക്ഷിതർ വലിയ സംസ്കൃത വൈയാകരണനായിരുന്നുവെങ്കിലും അദ്ദേഹത്തിനും മലയാളത്തിൻെറ ഗന്ധംപോലും ഉണ്ടായിരുന്നില്ല. രാമൻതമ്പി അന്നത്തെ രീതിയനുസരിച്ചു മലയാളത്തിൽ അറിവുള്ളവനായിരുന്നു. എന്നാൽ അയാൾക്കു് ഇംഗ്ലീഷിൽ പരിചയം കുറവായിരുന്നു. ഇങ്ങിനെയുള്ള ഒരു കമ്മറ്റിയാണു് അന്നു മലയാള പാഠ്യപുസ്തകങ്ങൾ അച്ചടിപ്പിച്ചിരുന്നതു്. അന്നു് അണ്ണാജിരായർ എൻ്റെ അടുക്കൽ സംസ്കൃതവും, ഞാൻ അദ്ദേഹത്തിൻ്റെ അടുക്കൽ ഇംഗ്ലീഷും പഠിച്ചുകൊണ്ടിരിക്കയായിരുന്നു. കമ്മറ്റിയിലെ ഒരു മെമ്പറായി എന്നേക്കൂടി നിയമിച്ചാൽക്കൊള്ളാമെന്നു് അദ്ദേഹം ദിവാൻജിയെ അറിയിച്ചു. അന്നു നാടുവാണിരുന്ന ആയില്യം തിരുനാളിനു് ആദ്യം കുറച്ചു സമ്മതക്കേടുണ്ടായിരുന്നുവെങ്കിലും, ഒടുവിൽ അവിടുന്നു സന്തോഷത്തോടുകൂടി കല്പിച്ചു സമ്മതിച്ചു. ഇങ്ങനെയാണു് ഞാൻ ബുക്കുകമ്മറ്റിയിൽ ചേർന്നതു്. പരിമിതകാലത്തിനുള്ളിൽ അണ്ണാജിരായർ മരിക്കുകയാൽ ഞാൻ തന്നെ പ്രസിഡണ്ടായി.”
1043-ൽ വലിയകോയിത്തമ്പുരാൻ ബുക്കുകമ്മറ്റിയുടെ അദ്ധ്യക്ഷനായിത്തീർന്നുവെന്നു സൂചിപ്പിച്ചുവല്ലോ. അന്നുമുതൽക്കാണു് മലയാള ഗദ്യത്തിൻ്റെ ദാരിദ്ര്യത്തേപ്പറ്റി അവിടുന്നു ശരിക്കു മനസ്സിലാക്കുവാൻ തുടങ്ങിയതു്. ഇതിനുമുമ്പു് പ്രസ്താവിച്ച തരത്തിലുള്ള ഏതാനും ഗ്രന്ഥങ്ങൾ മാത്രമേ അക്കാലംവരെ മലയാളത്തിൽ ഉണ്ടായിരുന്നുള്ളൂ. അവയിൽ പലതും അമുദ്രിതങ്ങളും, പാഠ്യപുസ്തകങ്ങളാക്കിത്തീർക്കുന്നതിന് അനർഹങ്ങളും, അപര്യാപ്തങ്ങളുമായിരുന്നു. ഗീവറുഗീസുകത്തനാരുടെ കൃതികളിൽ ചിലതു പാഠ്യപുസ്തകങ്ങളാക്കിത്തീർക്കുവാൻ പോരുന്നവയായിരുന്നു എന്നു സമ്മതിച്ചേ മതിയാവൂ. ആയില്യം തിരുനാൾ മഹാരാജാവിൻ്റെ മീനകേതനചരിതം, ശാകുന്തളം ഗദ്യം എന്നിവ അക്കാലത്തുണ്ടായ രണ്ടു ഗദ്യകൃതികളാണു്. ഒന്നിനെയാണു് “മീനകേതനചരിത’മാക്കിത്തീർത്തതു്. കാളിദാസകൃതിയായ അഭിജ്ഞാന ശാകുന്തളത്തിൻ്റെ ഗദ്യവിവത്തനമായിരുന്നു ശാകുന്തളം. 1056-ലാണല്ലോ വലിയകോയിത്തമ്പുരാൻ അഭിജ്ഞാനശാകുന്തളത്തിൻ്റെ തർജ്ജമ പ്രസിദ്ധപ്പെടുത്തിയതു്. അതിനു കാൽനൂററാണ്ടുമുമ്പേ തൽകൃതി കൈരളിയിൽ പ്രകാശിപ്പിച്ചതു് ആയില്യം തിരുനാളായിരുന്നു. മഹാരാജാവിൻ്റെ മേല്പറഞ്ഞ കൃതികൾ രണ്ടും സംസ്കൃതമയമായ ശൈലിയിലാണു് ആവിഷ്ക്കരിച്ചിരുന്നതു്. അവ പാഠ്യപുസ്തകങ്ങളാക്കിത്തീർക്കുവാൻ പറ്റിയവയല്ലായിരുന്നു. ഹരിപ്പാട് കൊച്ചുപിള്ള വാര്യർ എഴുതിയ ‘ഈസോപ്പിൻ്റെ ചില സാരോപദേശകഥകൾ’ ആയിരുന്നു അന്നത്തെ ഗദ്യകൃതികളിൽ പേർപറയത്തക്ക മറ്റൊന്നു്. ഇത്രമാത്രമല്ലാതെ ഗണനീയങ്ളായ മറ്റേതെങ്കിലും കൃതികൾ അക്കാലത്തുണ്ടായിരുന്നതായി അറിയപ്പെട്ടിരുന്നില്ല. ഈ പരിതഃസ്ഥിതിയിൽ കമ്മറ്റി പ്രസിഡണ്ടായിത്തീർന്ന കോയിത്തമ്പുരാനു് പള്ളിക്കൂടങ്ങളിലേക്കാവശ്യമായ ഗ്രന്ഥനിർമ്മിതിയിൽ ഏർപ്പെടേണ്ട ചുമതല സ്വയം വന്നുകൂടുകയും ചെയ്തു. ഇങ്ങനെയാണു് മലയാളസാഹിത്യവിഷയകമായി പരിശ്രമിക്കുവാൻ അവിടുന്നു പ്രേരിതനായിത്തീർന്നതു്. അനേകം പുസ്തകങ്ങൾ ഈ ഘട്ടത്തിൽ കോയിത്തമ്പുരാൻ സ്വന്തമായി എഴുതുവാനും മററുള്ളവരെക്കൊണ്ടു് എഴുതിക്കുവാനും തുടങ്ങി. നല്ലനല്ല ഗദ്യലേഖനങ്ങളും ‘കൊച്ചുവേലുവും കുരുവിക്കൂടും’ തുടങ്ങിയ ചില ചെറുകഥകളും മറ്റും ഉൾപ്പെട്ടിരുന്ന അന്നത്തെ ‘ഒന്നാം പാഠം’ ‘രണ്ടാം പാഠം’ മുതലായ കൃതികൾ വായിച്ചിട്ടുള്ളവർക്ക് അവ ഇന്നും ചില മധുരസ്മരണകൾ ഉളവാക്കുന്നതാണു്.
