ഗദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

നവീനഗദ്യോദയം

നവീനശൈലിയുടെ ഉത്തമമാതൃക ഗീവറുഗീസുകത്തനാരുടെ കൃതികളിലെന്നപോലെതന്നെ ആർച്ചുഡീക്കൻ്റെ കൃതികളിലും തെളിഞ്ഞു കാണാം. പക്ഷേ, ഒരു വൈകല്യമേയുള്ളു. പുല്ലേലിക്കുഞ്ചു, കന്നീറ്റുപദേശം തുടങ്ങിയ പ്രധാന കൃതികളെല്ലാം മറ്റു മതങ്ങളുടേയോ സഭകളുടെയോ തത്ത്വങ്ങളെ ഖണ്ഡിക്കണമെന്നുള്ള ലക്ഷ്യത്തോടെ രചിക്കപ്പെട്ടിട്ടുള്ളവയാണു്. അതിനാൽ അവയിലെ വിഷയങ്ങൾ പൊതുജനവേദിയിൽ സ്വീകാര്യമായിത്തീരാൻ പ്രയാസമുണ്ട്. പ്രസ്തുത കൃതികൾ ലുപ്തപ്രചാരങ്ങളായിത്തീരാൻ കാരണവും മറ്റൊന്നല്ല. ‘ജ്ഞാനനിക്ഷേപം’ എന്ന പ്രാചീനവൃത്താന്തപത്രം വളരെക്കാലം കോശിയാണു് പ്രസാധനം ചെയ്തിരുന്നത്. അദ്ദേഹത്തിൻ്റെ ഒരു ജീവചരിത്രം ഇ.വി. ജോൺ പാദ്രി, 1904-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതയും പ്രസ്താവയോഗ്യമാണ് . * (ആർച്ചുഡീക്കൻ കോശി – തിരുവല്ലാത്താലുക്കിൽ തോട്ടപ്പുഴശ്ശേരി മംഗലത്തുഭവനത്തിൽ 1825 ഫെബ്രുവരിമാസത്തിൽ മംഗലത്തുകോശിയും കാബാമയുമായിരുന്നു മാതാപിതാക്കന്മാർ, കാൻറൻബറി ആർച്ചുബിഷപ്പിൽനിന്നു ഓരോ സന്ദർഭങ്ങളിലായി ലഭിച്ചവയാണ് ആർച്ചുഡീക്കൻ എന്ന സ്ഥാനവും “ഡോക്ടർ ഓഫ് ഡിവിനിറ്റി’ എന്ന ബിരുദവും. 1899 നവംബർ മാസത്തിൽ 71-ാമത്തെ വയസ്സിൽ നിര്യാതനായി.)

കേരളവർമ്മ വലിയകോയിത്തമ്പുരാൻ : ആധുനിക ഗദ്യരീതിയുടെ മാതൃകാപ്രദർശകന്മാർ എന്ന നിലയിൽ മേല്പറഞ്ഞ വ്യക്തികൾ വിശേഷിച്ചു ഗീവറുഗീസുകത്തനാർ, വിരാജിക്കുന്നുണ്ടെങ്കിലും, ആധുനിക ഗദ്യസാഹിത്യത്തിൻ്റെ പരിപോഷണ പരിശ്രമങ്ങൾ അധികമായി നിർവ്വഹിച്ചിട്ടുള്ളതു് സാഹിത്യസാർവ്വഭൗമനായിരുന്ന കേരളർവമ്മ വലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടായിരുന്നു. അവിടുന്നു മലയാള സാഹിത്യത്തിനു ചെയ്തിട്ടുള്ള സാഹായം എത്രമാത്രമെന്നു നിർണ്ണയിക്കുവാൻതന്നെ പ്രയാസമാണ്. അവിടുത്തെ സാഹിത്യപരിശ്രമത്തിൻ്റെ വൈപുല്യവും മഹത്ത്വവും വേണ്ടപോലെ ഗ്രഹിക്കണമെന്നുണ്ടെങ്കിൽ അന്നത്തെ പരിതസ്ഥിതികൾകൂടി കുറഞ്ഞൊന്നു മനസ്സലാക്കേണ്ടതുണ്ട്.

ആംഗ്ലിയസാഹിത്യം കേരളത്തിൽ പ്രചരിക്കുവാൻ തുടങ്ങിയതോടുകൂടി സർവ്വവിഷയങ്ങളിലും കേരളമൊട്ടാകെ ഒരു പ്രബുദ്ധത നടമാടിത്തുടങ്ങി. രാഷ്ട്രീയമായും സാമുദായികമായും എന്നപോലെതന്നെ. സാഹിത്യപരമായും ഒരു നവചൈതന്യം അന്നുമുതൽക്കേ ഇവിടെ ആവിർഭവിച്ചു. ആംഗ്ലേയ സാഹിത്യത്തിൽ പരിചിതന്മാരായിത്തീർന്ന ചിലർ, മലയാളസാഹിത്യത്തിലേക്കും തങ്ങളുടെ കണ്ണുകളെ തിരിച്ചു തുടങ്ങി. ഇങ്ങനെയുള്ള ഒരു ഘട്ടത്തിലാണു് വലിയകോയിത്തമ്പുരാൻ മലയാള സാഹിത്യ വിഷയകമായി പരിശ്രമിക്കുവാൻ നിർബന്ധിതനായിത്തീർന്നതു്”.