നവീനഗദ്യോദയം
ആർച്ചുഡീക്കൻ കോശിയുടെ കൃതികൾ: ഗീവറുഗീസുകത്തനാരോടൊപ്പം സാഹിത്യത്തിൽ അനുസ്മരിക്കപ്പെടേണ്ട മറെറാരു ഉന്നത വ്യക്തിയാണു് ആർച്ചുഡീക്കൻ ഡോക്ടർ കോശി. മലയാളത്തിൽ പന്ത്രണ്ടോളം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ടു്. പരദേശിമോക്ഷയാത്ര, തിരുപ്പോരാട്ടം എന്നീ കൃതികൾ ജോൺ ബനിയൻ എന്ന ആംഗ്ലേയ mood Pilgrims Progress, Holy War എന്നീ കൃതികളുടെ വിവർത്തനങ്ങളാണു്. സത്യത്തെക്കുറിച്ചുള്ള പാഠകം, മലയാളഭാഷയെക്കുറിച്ചുള്ള പാഠകം ഇവ രണ്ടും ഓരോ പ്രബന്ധങ്ങളത്രെ. പ്രസംഗത്തിൻ്റെ പര്യായമായി അക്കാലത്ത് പ്രയോഗിച്ചുവന്ന ഒരു പദമാണു് ‘പാഠകം’. ‘പുല്ലേലിക്കുഞ്ചു’വാണു് ആർച്ചുഡീക്കൻ്റെ പ്രധാന കൃതി. ഒരു നോവലിൻ്റെ രീതിയിൽ ആവിഷ്ക്കരിച്ചിട്ടുള്ള ഒരു സാമൂഹ്യചർച്ചയാണതു്. അതിലെ പ്രധാന കഥാപാത്രമായ പുല്ലേലിക്കുഞ്ചുപിള്ള, കടുത്ത യാഥാസ്ഥിതികനായ കൈതപ്പള്ളി രാമപ്പണിക്കരോടു ജാതിനിയമത്തിൻ്റെ-തീണ്ടൽ തൊടീൽ മുതലായ ദുരാചാരങ്ങളുടെ നിരർത്ഥകതയെപ്പറ്റി ചെയ്യുന്ന യുക്തിവാദരംഗം ഒന്നാന്തരമായിട്ടുണ്ടു്. പ്രസ്തുത കൃതിയെപ്പറ്റി കൂടുതലായി 5-ാമദ്ധ്യായത്തിൽ വിവരിക്കുന്നതാണു്. അദ്ദേഹത്തിൻ്റെ മറ്റൊരു കൃതിയാണു’ ‘കന്നീറ്റുപദേശം’. ആർച്ചുഡീക്കൻ്റെ ഹാസസാഹിത്യത്തിൻ്റെ രസവും മൂർച്ചയും അതിൽ നല്ലപോലെ തെളിഞ്ഞുകാണാം. ഒരു ഭാഗം നോക്കുക:
“ഹായി, നികൃഷ്ടം! അത്യന്തം നികൃഷ്ടമെന്നാണു് എൻ്റെ ബുദ്ധിയിൽ തോന്നുന്നതു്. യാതൊരു ചെവി അറിയരുതാത്തതും അറിവിൽ കൊള്ളരുതാത്തതുമായ ദുഷ്കൃത്യങ്ങൾ അച്ഛനെ ഇരുത്തിക്കൊണ്ടു മകനും, മകൻ ഇരിക്കെ അച്ഛനും, ആങ്ങള കേൾക്കെ പെങ്ങളും, പെങ്ങൾ കേൾക്കേ ആങ്ങളയും എന്നുവേണ്ടാ ബഹുജനം കൂടിയിരിക്കുന്ന മദ്ധ്യേ ആണുങ്ങളും പെണ്ണുങ്ങളും താന്താങ്ങളുടെ ലജ്ജാകൃത്യങ്ങളെ യാതൊരു അറപ്പും കൂടാതെ വിളിച്ചു പറയുന്നതു് ഓർത്താൽ ആവൂ. എന്തു പറവതു്. ശിവ, ശിവ, നാരായണ! ആ പുത്തേട്ടു ഉണ്ണിച്ചാരു പെമ്പിള, തോർവേലി പെമ്പിളമാരു രണ്ടു; അമ്മയും മകളും; അമ്പാടൻ്റെ ഉടപ്പിറന്നവർ ആ കോങ്കണ്ണി. നമ്മുടെ കൊച്ചുകത്തനാരുടെ തള്ള. ഇങ്ങനെ ചില കളികൾ പറഞ്ഞതായി കേട്ട വൃത്താന്തങ്ങൾ അമ്പോ! എൻ്റെ ഗുരുവായൂരപ്പാ! ഇത്രമേൽ അരങ്ങഴിവാൻ സ്ത്രീകൾ അഭ്യസിച്ചുകൊള്ളുന്നല്ലോ. തിന്നുന്ന നായും നരിയുംപോലെ ഇതൊക്കെയും കേട്ടിരുന്നു രസിക്കുന്ന അസത്തുക്കളും ഈ കേരളത്തിൽ ഉണ്ടല്ലോ.”
