നവീനഗദ്യോദയം
“എന്നാൽ ഭൂലോകത്തിൽ മനുഷ്യൻതന്നെ പ്രധാനി എന്നുള്ളതു് തർക്കമറ്റ ഒരു സംഗതിയാകുന്നു. കൊള്ളാം, ഈ ശ്രേഷ്ഠത അവനു വന്നതു് എങ്ങിനെ? ദേഹശക്തിയിൽനിന്നല്ല. അതു നോക്കുമ്പോൾ ജീവജന്തുക്കളിൽ പല വകയും മനുഷ്യനേക്കാൾ ബലംകൂടിയവയായിരിക്കുന്നു. സിംഹം, കടുവാ മുതലായവ അവനേക്കാൾ ഊറ്റപ്പെട്ടവ എന്നുവരികിലും അവനെ ഭയന്നു കാട്ടിലേക്കു ഓടി ഒളിക്കുന്നു. കാള, പോത്തു മുതലായതിനെക്കൊണ്ടു അവൻ വേലചെയ്യിച്ചു് ഉപജീവനം കഴിക്കുന്നു. ആനയും, കുതിരയും മറ്റും അവനെ വഴങ്ങി അവനു വാഹനമായിത്തീരുന്നു. പിന്നെ അവൻ്റെ അംഗങ്ങളുടെ ചാതുര്യത്തിൽനിന്നോ അവനു വലിപ്പമുണ്ടായിരിക്കുന്നതു്? വാള്, പരിച മുതലായ ആയുധങ്ങളെക്കൂടാതെ വെറും കൈക്കൊണ്ടു് യാതൊരു വലിയ മൃഗത്തേയും നേരിടുവാൻ അവനു വശമില്ല. നേരേമറിച്ചു മൃഗാദികൾക്കു രക്ഷയ്ക്കും പോരിനും കരുക്കളായ കൊമ്പും, തോലും, പല്ലും, നഖവും അവയ്ക്കു ജാത്യമായിരിക്കുന്നു; പിന്നെ, അവൻ്റെ ഉന്നതിയുടെ കാരണം എന്തു്? അതു് അവൻ്റെ അറിവിന്റ വിശേഷം എന്നേ പറയാനുള്ളു. അറിവു ശക്തിയാകുന്നു എന്നു ചൊല്ലുണ്ടല്ലോ.”
കത്തനാരുടെ ഗദ്യം പുറപ്പെട്ട് അനേകം ദശാബ്ദങ്ങൾ കഴിഞ്ഞ ശേഷം ഉൽഭൂതമായിട്ടുള്ള കൊച്ചിരാമവർമ്മ അപ്പൻ തമ്പുരാൻ്റെ ഒരു ഉത്തമ ഗദ്യ മാതൃകയുമായി ഇതിനെ താരതമ്യപ്പെടുത്തിനോക്കുക:
“ഇളകിക്കിടക്കുന്ന പൂഴി പറക്കാൻ ഒരിളങ്കാററുണ്ടായാൽ മതി. കൂടിക്കിടക്കുന്ന കുന്നു കൊടുങ്കാറ്റുകൊണ്ടും കലുങ്ങുന്നതല്ല. ഒറ്റപ്പെട്ടാൽ സമുദായമില്ല; ജാതിയുമില്ല. അസംഖ്യം തേനീച്ചകളുടെ പരിശ്രമഫലമാണ് നാമനുഭവിക്കുന്ന തേൻ. ഭഗീരഥൻ ഒരു ദിവസംകൊണ്ടല്ല ആകാശഗംഗയെ പാതാളത്തിലേക്കു കൊണ്ടുപോന്നതു്. യോഗബലം, ഉത്സാഹശീലം, സ്ഥിരപ്രയത്നം, ഇവയുടെ യോഗമാണു് വിജയത്തിൻ്റെ ബീജം.”
ഇതിനും മേൽ പ്രസ്താവിച്ചതിനും തമ്മിലുള്ള പരസ്പരസാദൃശ്യം അനുസ്മരിക്കുമ്പോഴാണു്. കത്തനാരുടെ ഗദ്യരീതിയുടെ വൈശിഷ്ട്യം നാം ശരിക്കു മനസ്സിലാക്കുന്നതു്. ആറേഴു വ്യാഴവട്ടങ്ങൾക്കുമുമ്പ് എഴുതിയ ഗദ്യമാണതെന്നു നവീനന്മാരെ പറഞ്ഞറിയിക്കേണ്ടതായിട്ടാണിരിക്കുന്നതു്. അത്രത്തോളം ഇന്നത്തെ ഗദ്യരീതിയോടു് അതു് അനുബന്ധിച്ചുനില്ക്കുന്നു. സാങ്കേതികമാർഗ്ഗത്തിലും സാഹിത്യരൂപത്തിലും ഇംഗ്ലീഷ്യഭാഷയെ മാതൃകയാക്കിക്കൊണ്ടിരിക്കുന്ന ആധുനിക ഗദ്യസാഹിത്യത്തിൻ്റെ അടിസ്ഥാനം, കത്തനാരുടെ മേല്പറഞ്ഞ കൃതികളിൽ സുവ്യക്തം പ്രകാശിച്ചുകാണുന്നുണ്ടു്. വൈശദ്യം. ഊർജ്ജസ്വലത, ലാളിത്യം, മനോഹാരിത, പ്രസാദം എന്നു തുടങ്ങിയ ഗുണഗണങ്ങളാൽ ലാളിതമോ മേളിതമോ ആയ ഒരു ഉത്തമ ഗദ്യശൈലിയാണ് അവയിൽ തെളിഞ്ഞു വിളങ്ങുന്നതു്. അവയ്ക്കു മുമ്പുണ്ടായിട്ടുള്ള കൃതികൾ ഒന്നിലും ഇത്രത്തോളം വ്യക്തിത്വമോ, ജീവൽഭാഷാസമ്പർക്കമോ ഇല്ലെന്നുള്ളതു സ്പഷ്ടമാണു്. ഈവക സംഗതികൾ ആലോചിക്കുമ്പോൾ ആധുനിക ഭാഷാ ശൈലിയുടെ ആദ്യമാതൃകാപ്രദർശകനായി ഗീവറുഗീസ് കത്തനാരെ സാഹിത്യലോകം സമാദരിക്കുന്നതു സമീചീനമായിരിക്കുമെന്നു തോന്നുന്നു. * (ഗീവറുഗീസുകത്തനാർ കുന്നങ്കുളത്തിനടുത്തുള്ള ആർത്താറ്റുനിന്നു കുടിയേറിപ്പാർത്ത മാത്തൻ തരകൻ്റെയും ചെങ്ങന്നൂർ പുത്തൻകാവിൽ പുത്തൻവീട്ടിൽ അന്നാമ്മയുടെയും പുത്രനായി 1819 സെപ്തംബർ 25-ാം തീയതി ജനിച്ചു. റവ: ജോർജ്ജു മാത്തൻ, ഗീവറുഗീസുകത്തനാർ, മല്ലപ്പള്ളിലച്ചൻ എന്നിങ്ങനെ മൂന്നു പേരുകളിൽ അദ്ദേഹം പ്രസിദ്ധനാണു്. 1870 മാർച്ച് 4-ാംതീയതി ദിവംഗതനായി.)
