ഗദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

നവീനഗദ്യോദയം

കത്തനാർ ഭാഷാപോഷണത്തെ ലക്ഷ്യമാക്കി വേറേയും പല കൃതികൾ രചിക്കുകയുണ്ടായിട്ടുണ്ട്. അവയിൽ ‘സത്യവാദഖേടം’ 1036-ലും. ‘സംയുക്തി’ 1037-ലും, ‘സംവാദം’ 1039-ലും, ‘ബാലാഭ്യസനം’ 1042-ലും രചിച്ചിട്ടുള്ളവയാണു്. ഇവയിൽ സത്യവാദഖേടത്തിനു ആയില്യം തിരുനാൾ മഹാരാജാവിൽനിന്നു 1038-ൽ കത്തനാർക്കു സമ്മാനം ലഭിച്ചിട്ടുണ്ടെന്നുള്ള വസ്തുതകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. സത്യമെന്നാലെന്തു്? യഥാർത്ഥപരമാർത്ഥസത്യങ്ങളുടെ സംയോഗവിയോഗസന്ദർഭം, പരമാർത്ഥസത്യലംഘനത്താലുള്ള പാപോല്പത്തി, യഥാർത്ഥ സത്യലംഘനത്തിൻ്റെ പരിണാമം, വക്രോക്തിയുടെ സ്വഭാവം, വാഗന്തരസത്യങ്ങളുടെ വ്യത്യാസം, വാഗ്ദാനനിർവ്വഹണമാർഗ്ഗം, രൂപകവാചക ഗതമായ സത്യം, കർമ്മത്താലുള്ള വ്യാജവാദം… ഭാരതീയരുടെ വ്യാജവാദപരിചയം, രാജ്യനീതി, ബാലന്മാരുടെ സത്യവാദപരിശീലനം, പിതൃ പുത്രബന്ധത്തിൻ്റെ മഹിമ എന്നു തുടങ്ങിയ ശീർഷകങ്ങളിലുള്ള 36 പ്രബന്ധങ്ങളാണു സത്യവാദഖേടത്തിൽ ഗ്രന്ഥകാരൻ വിവരിക്കുന്നതു്. വിവരിക്കുന്ന ഓരോന്നിനേയും സമർത്ഥിക്കുവാൻ അദ്ദേഹം ഹൈന്ദവപുരാണങ്ങളിൽനിന്നും ക്രൈസ്തവപുരാണങ്ങളിൽനിന്നും മറ്റും അനവധി ദൃഷ്ടാന്തങ്ങൾ ഉദ്ധരിച്ചിരിക്കുന്നു. കത്തനാരുടെ വിപുലമായ ഗ്രന്ഥപരിചയം പ്രസ്തുത ഭാഗങ്ങളിൽ അത്ഭുതകരമായി പ്രത്യക്ഷപ്പെടുന്നു. സത്യവാദഖേടം കഴിഞ്ഞാൽ കത്തനാരുടെ പ്രബന്ധങ്ങളിൽ പ്രധാനമായതു ബാലാഭ്യസനമാണെന്നു പറയാം. അതിൽ പ്രതിപാദിക്കപ്പെടുന്ന വിദ്യാഭ്യാസ തത്ത്വങ്ങൾ ഏറ്റവും പ്രശംസാർഹങ്ങളാണു്. മേല്പറഞ്ഞ കൃതികൾക്കു പുറമേ അനേകം പ്രൗഡോപന്യാസങ്ങളും വിമർശനങ്ങളും അദ്ദേഹം എഴുതിയിട്ടുള്ളതായും കാണുന്നുണ്ട്.

കത്തനാരുടെ ഭാഷാശൈലി അനപലപനീയമെന്നു മാത്രമല്ല, ഇന്നത്തെ ഉത്തമഗദ്യരീതിയിൽനിന്നു അധികം അന്തരമില്ലാത്ത ഒന്നുമാണ്. രീതിയുടെ സ്വഭാവം കാണിക്കുവാൻ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:

“അഖിലാണ്ഡം ബ്രഹ്മമാകുന്നു. ഈ ഉക്തി വേദാന്തഉപനിഷത്തുകളിൽ ഒക്കെയും ഭാഷമാറ്റമായി പിന്നെയും പിന്നെയും ആവർത്തിക്കപ്പെട്ടിരിക്കുന്നു; അഖിലാണ്ഡം അവനിൽനിന്ന് ഉത്ഭവിച്ചത് ഇന്നപ്രകാരമെന്നു കാണിക്കുന്നതിനു് വളരെ നിദർശനങ്ങളേയും അവയിൽ കാണുന്നു. ചിലന്തിയിൽനിന്നു നൂലും, ഭൂമിയിൽനിന്നു സസ്യവും, ജീവജന്തുക്കളിൽനിന്നു രോമവും എപ്രകാരം ഉണ്ടാകുന്നുവോ അപ്രകാരം അക്ഷയഭൂതമായ ബ്രഹ്മത്തിൽനിന്നു് ഈ അഖിലാണ്ഡം ഉണ്ടായിരിക്കുന്നു.”

ഇതു ‘അദ്വൈതം’ എന്ന വിഷയത്തെപ്പറ്റി അദ്ദേഹം 1040-മാണ്ടു് എഴുതിയിട്ടുള്ള ഒരു ഉപന്യാസത്തിൽനിന്നാണു്. ശിക്ഷാക്രമപരിശീലനത്തെക്കുറിച്ച് അദ്ദേഹം 1042-ൽ എഴുതിയിട്ടുള്ള ലഘുവായ ഒരു ശാസ്ത്രീയ വ്യവഹാരഗ്രന്ഥത്തിൽ നിന്നുമാണ് താഴെ ഉദ്ധരിക്കുന്നതു്: