നവീനഗദ്യോദയം
ഗീവറുഗീസ് കത്തനാരുടെ കൃതികൾ: കൊല്ലവർഷം ആയിരാമാണ്ടോടടുത്തത്രേ കേരളത്തിൽ ആംഗ്ലേയ വിദ്യാഭ്യാസം ആരംഭിച്ചതു്. ഗർഭശ്രീമാനായ സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ കാലത്തു, 1012-ൽ (1837), ആയിരുന്നു തിരുവനന്തപുരത്തെ ഇംഗ്ലീഷ് പാഠശാലയുടെ ആരംഭം. അതിന് 21 വഷങ്ങൾക്കു മുമ്പായി, അതായതു് 1816-ൽ കോട്ടയത്തു പഴയസിമ്മനാരിയിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം ആരംഭിച്ചു. കേരളത്തിൻ്റെ ഇതരഭാഗങ്ങളിലും ഇതിനോടടുത്ത കാലഘട്ടത്തിൽത്തന്നെ അനേകം ആംഗ്ലേയ പാഠശാലകൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഗദ്യത്തിനു സുപ്രതിഷ്ട ലഭിച്ചുകഴിഞ്ഞിരുന്ന ആംഗ്ലേയ സാഹിത്യവുമായി കേരളീയർക്കു പരിചയപ്പെടുവാൻ സന്ദർഭമുണ്ടായതു് അവരുടെ ഭാഷയുടെ ഭാവിശ്രേയ പിശുനമായിരുന്നുവെന്നു നിസ്സംശയം പറയാം. പ്രസ്തുത വിദ്യാഭ്യാസത്തിൻ്റെ പ്രചാരത്തോടുകൂടി, മലയാള ഗദ്യ സാഹിത്യത്തിനു സിദ്ധിച്ചിട്ടുള്ള ഉണർവും ഉൽഗതിയും അഭൂതപൂർവ്വവും അനന്യ സാധാരണവുമെന്നേ പറയാവു. മേല്പറഞ്ഞ വിദ്യാഭ്യാസത്തിൻ്റെ പരിണതഫലമായി ചെങ്ങന്നൂർ ദേശക്കാരനും ഗീവറുഗീസ് കത്തനാരെന്ന പരക്കെ പ്രസിദ്ധനുമായ റവ: ജോർജ്ജുമാത്തൻ, 1030-ാ മാണ്ടോടടുത്ത് ഒട്ടനേകം നല്ല ഗദ്യകൃതികൾ മലയാളത്തിൽ നിർമ്മിക്കുകയുണ്ടായി. ആധുനിക ഗദ്യത്തിൻ്റെ ഉത്തമ മാതൃക അദ്ദേഹത്തിൻ്റെ കൃതികളിലാണ് നമുക്കു് ആദ്യമായി ദർശിക്കുവാൻ സാധിക്കുന്നതു്.
ഭാഷാഭിവൃദ്ധിയെ ലാക്കാക്കി ആ പണ്ഡിതവരേണ്യൻ ചെയ്തിട്ടുള്ള യത്നം മലയാളികൾക്ക് ഒരിക്കലും മറക്കുവാനോ മറയ്ക്കുവാനോ സാധിക്കുന്നതല്ല. കേരളപാണിനി എന്നു പ്രസിദ്ധനായിത്തീർന്നിട്ടുള്ള ഏ. ആർ. രാജരാജവമ്മ കോയിത്തമ്പുരാൻ ജനിക്കുന്നതിനു പതിനൊന്നു വഷർങ്ങൾക്കുമുമ്പു്, അതായതു് 1027-ലാണ് അദ്ദേഹം ‘മലയാഴ്മയുടെ വ്യാകരണം’ പ്രസിദ്ധപ്പെടുത്തിയതു്. മലയാളത്തിൽ ചിഹ്നത്തെപ്പറ്റി ആദ്യമായി പ്രസ്താവിച്ചുകാണുന്നതു് കത്തനാരുടെ വ്യാകരണത്തിലാണു്. ആഗമികപ്രസ്ഥാനത്തിൽ എഴുതിയിട്ടുള്ള കേരളപാണിനീയത്തിൽപ്പോലും വിട്ടുപോയിട്ടുള്ള ഒരു വിഷയമാണു്. കേരളപാണിനീയത്തിൻ്റെ ഉൽപത്തിക്കു 43 വർഷങ്ങൾക്കുമുമ്പു് ഗീവറുഗീസ് കത്തനാർ ഇംഗ്ലീഷ് വ്യാകരണത്തെ അനുകരിച്ചു പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിട്ടുള്ളതെന്നുകൂടി നാമിവിടെ സ്മരിക്കേണ്ടതുണ്ട്. അത്രത്തോളം പ്രശസ്തനായ ഈ പണ്ഡിതനെപ്പറ്റി നമ്മുടെ ചരിത്രകാരന്മാർക്കും സാഹിത്യകാരന്മാർക്കും നല്ല നിശ്ചയമില്ലാതെയാണിരിക്കുന്നതു്. കൊല്ലത്തോ മറ്റോ വെച്ചുനടന്ന സമസ്തകേരളസാഹിത്യപരിഷത്തിൻ്റെ ഒരു ആദ്ധ്യക്ഷ്യംവഹിച്ച ഒരു മാന്യൻ, റവ: ജോർജുമാത്തൻ ഒരു വിദേശീയ മിഷ്യനറിയായിരുന്നുവെന്നുകൂടി തട്ടിമൂളിക്കുകയുണ്ടായി. ഇങ്ങനെയൊക്കെ വരുന്നതു്, നമ്മുടെ ചരിത്രാന്വേഷണത്തിൻ്റെ കുറവിനെ വ്യക്തമാക്കുന്നുവെന്നല്ലാതെ മറ്റെന്തു പറയുവാനാണു്?
