ഗദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

നവീനഗദ്യോദയം

കോയിത്തമ്പുരാൻ്റെ ഈ അഭിപ്രായം ഇന്നുള്ളവരുടേയും പ്രത്യേക ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ട ഒന്നാണെന്നു പറയേണ്ടതില്ലല്ലോ.

വലിയ കോയിത്തമ്പുരാൻ്റെ ഗദ്യകൃതികൾ മിക്കവയും തർജ്ജമകളാണെന്നു മുമ്പു സൂചിപ്പിച്ചുകഴിഞ്ഞു. അവിടുത്തെ പ്രധാനകൃതികൾ അക്ബർ, മഹച്ചരിതസംഗ്രഹം എന്നിവ രണ്ടുമാണു്. അവയും തർജ്ജമകൾതന്നെ. ഈ സ്ഥിതിക്കു തമ്പുരാൻ സ്വന്തമായി ഭാഷാഗദ്യത്തിൻ്റെ അഭിവൃദ്ധിക്കായി എന്തുചെയ്തുവെന്നു ചോദിച്ചാൽ, ഇത്തരം വിവർത്തനങ്ങളെ അന്നാവശ്യമുണ്ടായിരുന്നുള്ളൂ എന്ന സമാധാനമാണു പറയുവാനുള്ളത്. ഏതു ഭാഷയിലേയും ഏതു പ്രസ്ഥാനത്തിൻ്റെയും പ്രാരംഭം ഇതുപോലുള്ള തർജ്ജമകളായിട്ടാണു പ്രായേണ കണ്ടുപോരുന്നതു്‌. മലയാളത്തിൻ്റെ സ്ഥിതിതന്നെ ആലോചിക്കുക. അതിലെ പ്രാരംഭപദ്യ കൃതികളെല്ലാം സംസ്കൃതത്തിൻ്റെ തർജ്ജമകളോ അനുകരണങ്ങളോ മാത്രമല്ലേ? മലയാളഗദ്യസാഹിത്യത്തിൽ ഇന്നു കാണുന്ന കൃതികളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിൽനിന്നുള്ള തർജ്ജമകളാണെന്നു കാണാം. അവ ഭാഷക്ക് അപകർഷമല്ല, ഉൽക്കർഷമാണു വരുത്തിയിരിക്കുന്നതെന്നുള്ളതിനു വല്ല സംശയവുമുണ്ടോ? ആ സ്ഥിതിക്ക് കോയിത്തമ്പുരാൻ്റെ പരിശ്രമം ഒന്നും സ്വകപോലകല്പിതമല്ലെന്നുള്ള ആക്ഷേപത്തിനു യാതൊരു പ്രസക്തിയുമില്ല. അവിടുന്നു പ്രചരിപ്പിച്ച ഒരു ഗദ്യരീതിയാണു പിൽക്കാലത്തു പലർക്കും ഭാഷാഗദ്യരചനയ്ക്കു മാറ്റദശകമായി ഭവിച്ചതു്. അതു് അവിടുത്തേക്കും ചാരിതാർത്ഥ്യജനകമായിരുന്നു. ചുരുക്കത്തിൽ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ഉദ്ദേശം തൊണ്ണൂറു വർഷങ്ങൾക്കു മുമ്പു പ്രചരിപ്പിക്കാൻ തുടങ്ങിയ ഗദ്യഭാഷയുടെ ഓരോ പരിണാമരൂപങ്ങളാണ്, പിന്നീടുണ്ടായ ഓരോ പ്രസ്ഥാനങ്ങളിലും തെളിഞ്ഞുവിളങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഓരോതരം ഗദ്യരീതിയെന്നു നിർവ്വിശങ്കം പ്രസ്താവിക്കാം.* (കേരളവർമ്മ വലിയകോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ 1020 കുഭം 10-ാം തീയതി പൂയം നക്ഷത്രത്തിൽ ജനിച്ചു. ദേവിയമ്മത്തമ്പുരാട്ടിയും മല്ലപ്പള്ളി നാരായണൻ നമ്പൂരിയുമായിരുന്നു മാതാപിതാക്കന്മാർ. സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങൾ കുലഗുരുവായ തിരുവാർപ്പിൽ രാമവാര്യരിൽനിന്നും അഭ്യസിച്ചു. ക്രമേണ ഹൗണി, ഗൈയ്യാണി, കൈരളി എന്നീഭാഷകൾ മൂന്നിലും പ്രവീണനായിത്തീർന്നു കഥാനായകൻ. 1034-ൽ തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ലക്ഷ്മീബായി ആറ്റുങ്ങൽ മുത്തതമ്പുരാനെ പള്ളിക്കെട്ടുകഴിച്ചു. അന്നുമുതൽ വലിയകോയിത്തമ്പുരാൻ എന്ന പദവിയിൽ ഉയർന്നു. 1046 മുതൽ ഹരിപ്പാട്ടു, അനന്തപുരത്തു കൊട്ടാരത്തിൽ താമസമാക്കി, 1050 കർക്കിടകം 21-ാം തീയതി രാജ്യദ്രോഹകുറ്റം ചുമത്തി ആയില്യംതിരുന്നാൾ അവിടുത്തെ ആലപ്പുഴകൊട്ടാരത്തിൽ ബന്ധനസ്ഥനാക്കി താമസിപ്പിച്ചു; പിന്നീട് ഹരിപ്പാട്ടു സ്വഗൃഹത്തിലും. ഇക്കാലത്താണ് ക്ഷമാപണസഹസ്രം, യമപ്രണാമശതകം മുതലായ കൃതികൾ എഴുതിയതു്. 1055 ഇടവത്തിൽ ആയില്യംതിരുനാൾ നാടുനീങ്ങുകയും വിശാഖംതിരുനാൾ നാടുവാഴുകയും ചെയ്തതോടെ കോയിത്തമ്പുരാന്റെ ബന്ധീവാസം അവസാനിക്കുകയും ചെയ്തു. വൈക്കത്തു പോയി ഹരിപ്പാട്ടുവഴി തിരുവനന്തപുരത്തേക്കു മടങ്ങവേ കായംകുളത്തിനടുത്തുവച്ചു 1090 കന്നി 4-ാം തീയതി മോട്ടോർകാർ മറിയുകയും 6-ാ നു മാവേലിക്കരകൊട്ടാരത്തിൽവച്ചു് ആ സഹൃദയസംപൂജിതൻ കഥാവശേഷനായിത്തീരുകയും ചെയ്തു.)