നവീനഗദ്യോദയം
“പഠിത്തം ഒന്നുകൊണ്ടല്ലാതെ ദൃഢമായ അറിവു ജനങ്ങള്‍ക്കുണ്ടാകുന്നതല്ല, അറിവുണ്ടാകാതെ പരിഷ്‌കാരവും ഉണ്ടാവുകയില്ല. ഇത് സ്ത്രീപുരുഷോയേയസ്വധാരണമാകുന്നു. എന്നാല്‍ സ്ത്രീകളുടെ പരിഷ്‌ക്കാരം പുരുഷന്മാരുടെ പരിഷ്‌കാരത്തിനു മുഖ്യമായി പ്രയോജകീഭവിക്കുന്നതാകുന്നു”.*(വിജ്ഞാനമഞ്ജരി) ഏതാദൃശഭാഗങ്ങള്‍ മേല്പറഞ്ഞതിനു തെളിവു നല്‍കുന്നവയാണ്.
പ്രസ്തുത കൃതികൾക്കുശേഷം ഏതാനും വഷങ്ങൾ കഴിഞ്ഞു് എഴുതിയിട്ടുള്ളവയാണു് മഹച്ചരിതസംഗ്രഹം, അക്ബർ തുടങ്ങിയ പ്രധാന കൃതികൾ. 1055-ാമാണ്ടു മുതൽ രാജ്യഭരണം ആരംഭിച്ച വിശാഖം തിരുനാൾ മഹാരാജാവിൻ്റെ കാലത്തും. അദ്ദേഹത്തിൻ്റെ പ്രേരണയിലുമാണു് അവ കോയിത്തമ്പുരാൻ നിർമ്മിച്ചിട്ടുള്ളതു്. ഇവയിലെ ഭാഷാരീതി മുമ്പു പ്രസ്താവിച്ച കൃതികളുടേതിൽനിന്നു വളരെ ഭിന്നവുമാണു്. അതിനുള്ള കാരണം അധികാരിഭേദമല്ലാതെ മറ്റൊന്നുമല്ല:
“അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽനിന്നും അംബരമദ്ധ്യത്തിൽ വിസ്തൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങൾ ബദരീനാഥക്ഷേത്രത്തിൻ്റെയും ഹിമാലയമഹാഗിരിയുടെ തുംഗങ്ങളായ ശൃംഗപരമ്പരകളുടേയും അദഭ്രശുഭ്രകളായ ഹിമസംഹതികളിൽ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതൻ സാനുപ്രദേശങ്ങളിൽ സമൃദ്ധങ്ങളായി വളർന്നിരിക്കുന്ന മഹീരുഹങ്ങളിൽ പ്രഭാതാൽ പ്രഭൂതി വികസ്വരങ്ങളായി നില്ക്കുന്ന സുരഭിലകരങ്ങളായ കുസുമങ്ങളുടെ പരിമളധോരണിയെ പ്രസരിപ്പിച്ചു.” എന്നിങ്ങനെ ഹിമവത്സാനുവിലെ സന്ധ്യാകലത്തെ വർണ്ണിച്ചുകൊണ്ടുള്ള അക്ബറിലെ ആരംഭം തന്നെ നോക്കുക. ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു യോജിച്ച ഗദ്യഗ്രന്ഥങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് അവരെ ഉദ്ദേശിച്ചു കൂടിയാണു് ഇതിലെ ഭാഷ അല്പം കഠിനമാക്കിയതെന്നു ഗ്രന്ഥകാരൻ അവതാരികയിൽ വ്യക്തമായി പറയുന്നുണ്ടു്. എന്നാൽ ഭാഷാഗദ്യത്തിൻ്റെ ഗതിയിൽ സ്വല്പകാലത്തിനുള്ളിൽ ഉണ്ടായ ഭേദഗതി, ‘അക്ബറി’ ൻ്റെ അന്തിമഭാഗങ്ങളിൽ പ്രകടമായി പ്രതിഫലിക്കാതെയുമിരുന്നിട്ടില്ല. വിശാഖം തിരുനാൾ മഹാരാജാവിൻ്റെ പ്രേരണയാലാണു് മഹച്ചരിതസംഗ്രഹവും അകബറും ഇംഗ്ലീഷിൽനിന്നും തർജ്ജമ ചെയ്യുവാൻ കോയിത്തമ്പുരാൻ പുറപ്പെട്ടതെന്നു മുമ്പു് സൂചിപ്പിച്ചുവല്ലോ. 1057- ലാണു് അക്ബർ വിവർത്തനം ചെയ്യുവാൻ അവിടുന്നു ആരംഭിച്ചതു്. എന്നാൽ 1069-ാമാണ്ട് അതു പൂർത്തിയാക്കി അച്ചടിപ്പിക്കാൻ സാധിച്ചുള്ളു. അങ്ങനെ വിവർത്തനത്തിനു നേരിട്ട കാലദൈർഘ്യത്തോടൊപ്പമുള്ള ശൈലീഭേദവും ആ കൃതിയുടെ ഇതരഭാഗങ്ങളിൽ കാണാവുന്നതുമാണ്.
