അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

മാർത്താണ്ഡവമ്മമഹാരാജാവ് 933-ൽ നാടുനീങ്ങിയപ്പോൾ അവിടുത്തെ ഭാഗിനേയനായ കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടാണു പിന്നീട് രാജ്യം ഭരിക്കുവാൻ തുടങ്ങിയത്. പണ്ഡിതവരേണ്യനായിരുന്ന ആ തിരുമേനിയുടെ കാലത്തു് അനേകം പ്രശസ്ത കവികൾ അവിടുത്തേ ആശ്രയിച്ചു തിരുവനന്തപുരത്തു താമസിച്ചിരുന്നു. അവരിൽ ഒരാളാണു സുപ്രസിദ്ധ ആട്ടക്കഥാകർത്താവായ ഉണ്ണായിവാര്യർ. വാരിയരുടെ ജീവിത കാലം നമ്പ്യാർക്കു് ഒരുനൂററാണ്ടിനു മുമ്പായിരുന്നുവെന്നും മററും മഹാകവി ഉള്ളൂർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ ആ വിഷയത്തെപ്പററി പ്രസ്താവിക്കുന്നതിനു് ഇവിടെ അധികം പ്രസക്തിയില്ലല്ലൊ. എന്നുതന്നെയുമല്ല ഉണ്ണായി വാര്യർ കാർത്തിക തിരുനാളിൻ്റെ ആശ്രിതനും നമ്പ്യാരുടെ സ്നേഹിതനുമായിരുന്നുവെന്നുള്ള ഐതിഹ്യത്തെ തീരെ വിസ്മരിപ്പിക്കത്തക്ക തെളിവുകളൊന്നും ഇനിയും ആരും പ്രദശിപ്പിച്ചുകഴിഞ്ഞിട്ടുമില്ല. അതിനാൽ നിലവിലുള്ള ഐതിഹ്യങ്ങളെത്തന്നെ നമുക്കു പിന്തുടരാം.

ഒരിക്കൽ ഉണ്ണായിവാര്യരും കുഞ്ചൻനമ്പ്യാരും പത്മതീർത്ഥക്കരയിൽവച്ചു കണ്ടുകൂടി. ആ അവസരത്തിൽ പത്മതീർത്ഥത്തിൽ കുളിക്കുവാനായി കാതിൽ ഓല ധരിച്ചിട്ടുള്ള ഒരു പ്രഭുതരുണി, താളിയും മററും കൈയിലെടുത്ത സുന്ദരിയായ ഒരു ദാസിയോടുകൂടി വരുന്നതുകണ്ടു. അവർ തങ്ങളെ കടന്നുപോയമാത്രയിൽ “കാതിലോല” എന്നു വാര്യർ ഉദീരണം ചെയ്തു. രസികാഗ്രഗണ്യനായ നമ്പ്യാരാകട്ടെ, “നല്ലതാളി” എന്നു മറുപടിയും നൽകി, കാതിലോല എന്ന തിനു് കാ അതിലോല? ഇവരിൽ സുന്ദരി ആര്? എന്നും, നല്ലതാളി എന്നതിനു് നല്ലത് ആളി (ദാസി) എന്നും വ്യംഗ്യമായ ഒരർത്ഥമുണ്ടല്ലൊ. അവരുടെ ഫലിതപ്രയോഗചാതുര്യവും ആ വ്യംഗ്യാർത്ഥത്തിലാണു് സ്ഥിതിചെയ്യുന്നത്. വാര്യരും നമ്പ്യാരും തമ്മിലുള്ള ആദ്യ പരിചയവും പത്മതീർത്ഥക്കരയിൽവച്ച് ഇങ്ങനെ മേല്പറഞ്ഞ ഫലിതപ്രയോഗത്തോടുകൂടിയായിരുന്നുവെന്നാണ് ഐതിഹ്യം.