നമ്പ്യാരുടെ പൊടിക്കൈകൾ
ഒരിക്കൽ മാർത്താണ്ഡവർമ്മ മഹാരാജാവു് അമ്പലപ്പുഴയ്ക്ക് എഴുന്നള്ളി. തിരുമനസ്സിലെ അമൃതേത്തു കഴിഞ്ഞു. സേവകന്മാരുടെ അടുക്കലെത്തി. നേരംപോക്കിനും, സേവകന്മാരുടെ മനഃസ്ഥിതി അറിയുന്നതിനുംവേണ്ടി ഇന്നത്തെ പാല്പായസത്തിനു് അല്പം കയ്പ്പുണ്ടെന്നു തിരുമനസ്സുകൊണ്ട് അവരോട് അരുളിച്ചെയ്തു. പാല്പായസത്തിൽ അതിയായ ബുഭൂക്ഷയുണ്ടായിരുന്നിട്ടും രാജപ്രീതിയെ ലാക്കാക്കി അവർ എല്ലാവരും അന്നു പായസം ഉണ്ണാതിരുന്നു. എന്നാൽ നമ്പ്യാരാകട്ടെ വാരിക്കോരിക്കുടിച്ചു തുടങ്ങി. ഇതുകണ്ടുനിന്നിരുന്ന മഹാരാജാവ് ‘എന്താ കുഞ്ചാ, പായസം കയ്ക്കുന്നില്ലേ?’ എന്നു കല്പിച്ചുചോദിച്ചു. അതിനു നമ്പ്യാർ “പാല്പായസത്തിനു അല്പം കയ്‌പുണ്ട്. പാലിൻ്റേയും പഞ്ചസാരയുടെയും കയ്പ്പാണ്. പക്ഷെ അടിയന് അതു വളരെ പത്ഥ്യമാണ്.” എന്നാണു തിരുമനസ്സുണർത്തിച്ചത്. ബുദ്ധിമാനായിരുന്ന തിരുമനസ്സുകൊണ്ടു ഈ ഫലിതോക്തി കേട്ട് വളരെ സന്തോഷിച്ചു. അമ്പലപ്പുഴ പാല്പായസം കയ്ക്കുന്നുവെന്നു പറഞ്ഞ് അതു ഭക്ഷിക്കാതിരുന്ന സേവകന്മാർ പടുവിഡ്ഢികളായി തലതാഴ്ത്തേണ്ടിവന്നുവെന്നു പറയേണ്ടതില്ലല്ലൊ.
