അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

നമ്മുടെ ഈ രസികാഗ്രഗണ്യൻ തിരുവനന്തപുരത്തു താമസിച്ചിരുന്നപ്പോൾ അനേകം നേരംപോക്കുകൾ തട്ടിമുളിച്ചിട്ടുള്ളതായി പല കഥകളും കേട്ടിട്ടുണ്ടു്. കുഞ്ചൻ നമ്പ്യാർ ഒരു ദിവസം രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുന്നതിനായി ചെന്നു. അവിടുത്തെ പ്രധാന ശാന്തിക്കാരനായിരുന്ന നമ്പി, നമ്പ്യാരോട് താൻ ആരാണെന്നു ചോദിച്ചു. അതിനു നമ്മുടെ സരസൻ ‘നമ്പിയാര്’ എന്ന ഉത്തരം ഒരു ചോദ്യരൂപത്തിൽ തട്ടിവിട്ടു. ഈ തിരിച്ചടി നമ്പിയെ കോപാക്രാന്തനാക്കിതീർത്തു എന്നു പറയേണ്ടതില്ലല്ലൊ. നമ്പ്യാർ പ്രവത്തിച്ചതു ധിക്കാരമാണെന്നു ധരിച്ചു നമ്പി വിവരം തിരുമനസ്സറിയിച്ചു. മഹാരാജാവു നമ്പ്യാരെ വരുത്തി ഉണ്ടായ പരമാർത്ഥം പറയുവാൻ കല്പിച്ചപ്പോൾ,

“നമ്പിആരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേൻ
നമ്പി, കേട്ടഥകോപിച്ചു
തമ്പുരാനേ പൊറുക്കണം.”

എന്നൊരു ശ്ലോകം ചൊല്ലി വിവരം ഉണർത്തിച്ചതായും നമ്പ്യാരുടെ രസികത്വം മനസ്സിലാക്കി തിരുമനസ്സുകൊണ്ടു വളരെ സന്തോഷിച്ചതായും പറഞ്ഞുകേൾവിയുണ്ടു് .