അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

രസികശിരോമണിയായ നമ്പ്യാർ അമ്പലപ്പുഴ താമസിച്ചുകൊണ്ടിരുന്ന കാലത്തു് ഒരു നേരംപോക്കുണ്ടായി. വെറും നേരംപോക്കല്ല, അസാദ്ധ്യമായ ഒരു കാര്യസിദ്ധിതന്നെയായിരുന്നു അതു്. ചെമ്പകശ്ശേരി രാജാവായ ദേവനാരായണസ്വാമികളുടെ ആചാര്യനും ഉപദേഷ്ടാവുമായി “കൈപ്പിഴ” എന്നൊരു നമ്പൂതിരി ആ രാജധാനിയിൽ താമസിച്ചിരുന്നു. കൈപ്പിഴ പറയും പോലെയാണു രാജാവ് സകലതും പ്രവത്തിച്ചിരുന്നതു്. തനിക്ക് എന്തും സാധിക്കും എന്നൊരു ഗർവ് നമ്പൂതിരിക്കുമുണ്ടായിരുന്നു. ഇതു മററു സേവകന്മാർക്കു ചിത്തശല്യമായിത്തീർന്നിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. കൊട്ടാരത്തിൽ നിത്യവും വന്നുചേരുന്ന തിരുമുൽക്കാഴ്ചകൾ ഒന്നൊഴിയാതെ നമ്പൂതിരി ഇല്ലത്തേയ്ക്കു് കൊണ്ടുപോകുകയായിരുന്നത്രെ പതിവു്. സേവകന്മാരിൽ പലർക്കും ഈ പ്രവൃത്തിമൂലം കൈപ്പിഴയുടെ നേരെ അസൂയയും കോപവും മുഴുത്തു. പക്ഷെ, നമ്പൂതിരിയുടെ സേവാശക്തിയെ ഭയന്ന് ആരും ഒന്നും പറയാറുണ്ടായിരുന്നില്ല. ഇക്കാലത്തു നമ്മുടെ കവീന്ദ്രൻ അവിടെ താമസിച്ചുവരികയായിരുന്നല്ലോ. കൈപ്പിഴയെ രാജാവിൽ നിന്നകററുവാൻ സേവകന്മാർ വിരുതനായ നമ്പ്യാരെ തന്നെ ചട്ടംകെട്ടി, അതിലേയ്ക്കും പ്രേരിപ്പിച്ചു. നമ്പ്യാർക്കും നമ്പൂതിരിയുടെ നേരെ അത്ര തൃപ്തിയുണ്ടായിരുന്നില്ല. ഒരിക്കൽ ചെമ്പകശ്ശേരി രാജാവു കൈപ്പിഴയോടൊന്നിച്ച് എഴുന്നള്ളിവരികയായിരുന്നു. തൽസ്സന്ദഭത്തിൽ നമ്പ്യാർ ഒരു പാത്രവുമെടുത്തുകൊണ്ടു് എതിരെ നടന്നുചെന്നു. രാജാവിൻ്റെ എഴുന്നള്ളത്തു സമീപത്തായപ്പോൾ കയ്യിൽ പിടിച്ചിരുന്ന പാത്രം നമ്പ്യാർ മനഃപൂർവ്വം താഴെ ഇട്ടുകളഞ്ഞു. ശബ്ദം കേട്ടയുടനെ രാജാവു നമ്പ്യാരെ വിളിച്ചു, പാത്രം താഴെ ഇട്ടതെന്തിനാണെന്നു കല്പിച്ചു ചോദിച്ചു. നമ്പ്യാരാകട്ടെ, ഒട്ടും കൂസൽകൂടാതെ, “കൈപ്പിഴവന്നതു കൊണ്ടുള്ള ഗ്രഹപ്പിഴയാണെന്നു തിരുമനസ്സുണർത്തിച്ചു. ഇംഗിതജ്ഞന്മാരായ രാജാവും നമ്പൂതിരിയും ഒന്നുപോലെ പൊട്ടിച്ചിരിച്ചുപോയി. നമ്പ്യാരുടെ ഫലിത ചാതുര്യം ഓർത്തു രാജാവു വളരെ സന്തോഷിച്ചു. അന്നു മുതൽ കൈപ്പിഴയുടെ ലോഭചാഞ്ചല്യങ്ങൾക്കും കുചേഷ്ടിതങ്ങൾക്കും വളരെ ഒതുക്കമുണ്ടായി എന്നാണു പറയപ്പെടുന്നതു്.