അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

“കുററംപാർക്കിലശേഷം, ഇല്ല രസികൻമട്ടും, പദച്ചേർച്ചയും
പററീട്ടില്ല, കളങ്കമെങ്ങുമൊരുപോലുണ്ട്, രസംപാകുകിൽ
ചെററില്ല, ഇകൃതിയിങ്കൽ ദോഷമിനിഞാനെന്തൊന്നു ചൊല്ലേണ്ടതും?
മറ്റില്ലിത്തരമുള്ളസൽകൃതി, ഇനിക്കാണുന്നതും ദുർല്ലഭം!”

ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു കൃതിയിലെ കുററങ്ങളെ ചൂണ്ടിക്കാണിക്കുക! ഇത്തരം പൊടിക്കൈകൾ പ്രയോഗിക്കുന്നതിൽ നമ്മുടെ കവിവര്യനും ഒട്ടുംതന്നെ പിന്നോക്കമായിരുന്നില്ല.

ഒരിക്കൽ കാർത്തികതിരുനാൾ മഹാരാജാവ് അമ്പലപ്പുഴയിലെ സദ്യയുടെ സമ്പ്രദായം എങ്ങനെയായിരുന്നുവെന്നു നമ്പ്യാരോടു കല്പിച്ചുചോദിച്ചു. അതിനുത്തരമായി നമ്പ്യാർ ചൊല്ലിക്കേൾപ്പിച്ച ശ്ലോകം ഇതാണു് :-

“പത്രം വിസ്തൃതമെത്ര തുമ്പമലർതോ-
റേറാടിടിനോരന്നവും,
പുത്തൻനൈ, കനിയപ്പഴത്തപഴവും
കാളിപ്പഴം കാളനും,
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും
നാരങ്ങയും മാങ്ങയും,
നിത്യം ചെമ്പകനാട്ടിലഷ്ടിതയിർ മോർ
തട്ടാതെ കിട്ടുംസുഖം.”