അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

മനസ്സാക്ഷിക്കു വിപരീതമായി അഭിപ്രായങ്ങൾ പുറപ്പെടുവിക്കേണ്ട ചില അവസരങ്ങൾ മനുഷ്യജീവിതത്തിൽ ചിലർക്കു വന്നുകൂടാറുണ്ടല്ലൊ. അങ്ങനെയുള്ള ധർമ്മ സങ്കടത്തിൽപെട്ടു ചിലർ നന്നേ വിഷമിക്കാറുമുണ്ട്. എന്നാൽ അതിസമർത്ഥന്മാരായ അപൂർവ്വം ചിലർക്കുമാത്രം അങ്ങനെയുള്ള വിഷമസ്ഥിതികളെ തരണം ചെയ്യുവാൻ യാതൊരു പ്രയാസവുമില്ല. സരസ്വതീവിലാസഭാസുരന്മാരായ അത്തരക്കാർക്കു സ്വാശയങ്ങളെ അന്തർഗൂഢരസോദയമായി പൊതിഞ്ഞുവെച്ചുകൊണ്ടു് അപേക്ഷകന്മാരെ പ്രസാദിപ്പിക്കുവാനുള്ള ഒരു പ്രത്യേക വാസനതന്നെയുണ്ടു്. വിവക്ഷിതാർത്ഥത്തെ പ്രതിപാദിക്കുന്നതിനുതകുന്ന പദസന്നിവേശശക്തിയുള്ളവർക്കേ അത്തരം ജാലവിദ്യ പ്രയോഗിക്കുവാൻ സാധിക്കയുള്ള എന്നു പറയേണ്ടതില്ലല്ലോ. പണ്ഡിതനായ ഒരു കവി ഒരു കാവ്യത്തെപ്പറ്റി പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം നോക്കുക:-

“കുററം പാർക്കിലശേഷമില്ല, രസികൻമട്ടും പദചേർച്ചയും
പററിട്ടില്ലകളങ്കമെങ്ങുമൊരുപോലുണ്ടേ രസംപാർക്കുകിൽ
ചെററില്ലികൃതിയിങ്കൽ ദോഷമിനി ഞാനെന്തൊന്നു ചൊല്ലേണ്ടതും?
മററില്ലിത്തരമുള്ള സൽകൃതി, ഇനിക്കാണുന്നതും ദുർല്ലഭം!”

പ്രത്യക്ഷത്തിൽ എത്രയോ പ്രശംസാവഹമായ ഒരു പദ്യം! ശുദ്ധഭാഷാപദങ്ങളെ കൊണ്ടു നിർമ്മിച്ച പ്രസ്തുത ശ്ലോകത്തിൽ സ്വാശയത്തെ കവി എങ്ങനെ ഗോപനം ചെയ്തിരിക്കുന്നുവെന്നും കണ്ടറിയേണ്ടതാണല്ലോ.