ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
വിവർത്തനങ്ങൾ: ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ചു്, ഗ്രീക്കു്, ബംഗാളി, ഹിന്ദി തുടങ്ങിയ ഇതരഭാഷകളിൽനിന്നു വിവർത്തനങ്ങളായി കുറെ നാടകങ്ങൾ നമുക്കു ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ദ്വിജേന്ദ്രലാൽ, ബങ്കിമ ചന്ദ്രൻ, വിദ്യാപതി എന്നിവരുടെ കൃതികളാണു് ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെ വിവർത്തനങ്ങളിലധികവും. ദ്വിജേന്ദ്രലാൽറോയിയുടെ ചന്ദ്രഗുപ്തൻ, മേവാഡിൻ്റെ പതനം. ദുർഗ്ഗാദാസൻ, ഷാജഹാൻ, നൂർജഹാൻ, അമരസിംഹൻ, പ്രതാപസിംഹൻ, ത്യാഗക്ഷേത്രം, ഭുവന ദീപിക, അഹല്യ, ക്ഷത്രപ്രഭാവം, ഭാരതരമണി തുടങ്ങിയ ചരിത്ര നാടകങ്ങളും സാമുദായിക നാടകങ്ങളും വളരെ മുമ്പേതന്നെ മലയാളത്തിൽ ഉടലെടുത്തു കഴിഞ്ഞു. ‘നർത്തകീപൂജ’, ടാഗോറിൻ്റെ നടീർപൂജ എന്ന ബംഗാളി നാടകത്തിൻ്റെ പരിഭാഷയാണു്. ‘രവിരശ്മികളും ടാഗോറിൻ്റെ രണ്ടു ചെറുനാടകങ്ങളുടെ തർജ്ജമകൾതന്നെ. പ്രഖ്യാത നാടക കൃത്തായ മഹേന്ദ്രനാഥ് ഗുപ്തയുടെ ബംഗാളിനാടകത്തിൻ്റെ വിവർത്തനമാണു് ‘ടിപ്പുസുൽത്താൻ’. മാമാവരേർക്കർ രചിച്ചിട്ടുള്ള ‘ഭൂമികന്യാസീത’ എന്ന നാടകത്തിൻ്റെ വിവർത്തനം അഭയദേവ് നിർവ്വഹിച്ചിരിക്കുന്നു. റൊമാൻ്റിക്കു പ്രസ്ഥാനത്തെയാണു് മേല്പറഞ്ഞ കൃതികളിൽ അധികപങ്കും പ്രതിനിധാനം ചെയ്യുന്നതു്. റിയലിസ്റ്റിക്കു പ്രസ്ഥാനത്തിൽപ്പെട്ട കൃതികളാണു് ഇന്നു കൂടുതൽ ആവശ്യം. ഇബ്‌സൻ തുടങ്ങിയവരുടെ കൃതികളാണു് ഈ വിഷയത്തിൽ നമുക്കധികം പ്രയോജനപ്രദങ്ങളായിത്തീരുന്നതു്. അബ്ബാസ്, മുൾക്കുരാജ് ആനന്ദ്, പ്രേമ് ചന്ദ് മുതലായവരുടെ കൃതികളും കാലോചിതങ്ങൾ തന്നെ.
ഇബ്‌സൻ്റെ ഗോസ്റ്റ്സ്’ എന്ന രൂപകം എ. ബാലകൃഷ്ണപിള്ളയും എ. കെ. ഗോപാലപിള്ളയും കൂടി പരിഭാഷപ്പെടുത്തിയിട്ടുള്ളതാണു്. ‘പ്രേതങ്ങൾ’. ‘ജൂബിലി’ ഏകാങ്കരൂപത്തിലുള്ള ഇബ്സൻ്റെ മറ്റൊരു കൃതിയത്രെ. മലയാളത്തിൽ പിൽക്കാലത്തുണ്ടായ പല നാടകങ്ങൾക്കും പശ്ചാത്തലം സൃഷ്ടിച്ചതു’ ഇബ്സൻ്റെ മേല്പറഞ്ഞ കൃതികളാണെന്നു തോന്നുന്നു. ഇബ്‌സൻ്റെ മിക്ക നാടകങ്ങളും പല രൂപത്തിലും ഭാഷയിൽ പകർന്നിട്ടുണ്ടു്. സി. നാരായണപിള്ളയുടെ ‘മുല്ലയ്ക്കൽ ഭവനം’ (റോസ് മെർഷാം), എം. ഐ. വാര്യരുടെ ‘സമുദായത്തിൻ്റെ നെടും തൂണുകൾ’ (പില്ലേഴ്‌സ് ഓഫ് ദി സൊസൈറ്റി), ഇ. എം. കോവൂരിൻ്റെ ‘പാവയുടെ വീട്ട്’ (ഡോൾസ് ഹൗസ്), കാട്ടുതാറാവ് (ദി വൈൽഡ് ഡക്ക്) മുതലായവ അവയിൽ ചിലതുമാത്രമാണു്.
