ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

തോപ്പിൽ ഭാസി: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സർവ്വേക്കല്ല്, വിശക്കുന്ന കരിങ്കാലി, മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം എന്നു തുടങ്ങി പല നാടകങ്ങളും രചിച്ച് ഏറ്റവും പ്രസിദ്ധിനേടിയിട്ടുള്ള ഒരു നാടകകൃത്താണു് തോപ്പിൽ ഭാസി. അദ്ദേഹത്തിൻ്റെ കൃതികളിൽ ആദ്യത്തേതാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം. ആദ്യത്തേതു് എന്നുമാത്രമല്ല, ഏറ്റവും പ്രസിദ്ധിയാർജ്ജിച്ചതും അതു തന്നെ. ആനുകാലിക സാമൂഹ്യ ജീവിതത്തിലെ സജീവ പ്രശ്നങ്ങളാണു് ഭാസിയുടെ മിക്ക കൃതികളിലേയും ഉള്ളടക്കം. മലയാള നാടക സാഹിത്യത്തിൻ്റെ നല്ലൊരു നാളെയുടെ പ്രഭാതസ്‌ഫുരണം ഓരോന്നിലും തെളിഞ്ഞുകാണാം. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പ്രമേയം ആനുകാലിക സാമൂഹ്യ പരിവർത്തനമാണു്. ഇന്നത്തെ കർഷകരുടേയും തൊഴിലാളികളുടേയും ജീവിതവും അവരുടെ പ്രശ്നങ്ങളും കഥാപാത്രങ്ങൾവഴി ഇതിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. പഴമയുടെ മഹിമയെ മാത്രം സ്വപ്നം കാണുകയും പുതുമയെ അപ്പാടെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരുന്ന ഇതിലെ പരമുപിള്ള – ദുസ്സഹമായ ജീവിതാനുഭവങ്ങൾമൂലം ഒടുവിൽ ഒരു കമ്മ്യൂണിസ്റ്റായിത്തീരുന്നതാണു് ഇതിലെ പ്രമേയം. മനുഷ്യത്വം ഇല്ലാതെവന്നിട്ടുള്ള ഇന്നത്തെ ദുഷ്പ്രഭുക്കളുടെ ദുർന്നയങ്ങളിൽനിന്നു മുക്തിനേടുവാൻ ചെങ്കൊടിപ്രസ്ഥാനമെ സഹായകമായിത്തീരുകയുള്ളു എന്ന ആശയ പ്രചാരണമാണു് ഈ നാടകത്തിൻ്റെ പ്രധാന ലക്ഷ്യമെന്നു തോന്നുന്നു. വായനക്കാരെ ലക്ഷ്യത്തിലേക്കു നയിക്കുവാൻപോരുന്ന വൈദഗ്ദ്ധ്യം ഭാസിയുടെ തൂലികയ്ക്കു പ്രയോഗിക്കുവാൻ കഴിഞ്ഞിട്ടുണ്ടു്. പരമുപിള്ളയും കല്യാണിയമ്മയും കറമ്പൻ്റെ മാടത്തിൽ ചെന്നു ഗോപാലനെ കാണുന്ന രംഗം എത്രയും വികാരോജ്ജ്വലമായ ഒന്നുതന്നെ. ചില പ്രണയകഥകൾ ഇതിൽ ഘടിപ്പിച്ചിട്ടുള്ളതു രസ വൈവിദ്ധ്യത്തെ ജനിപ്പിക്കുവാനുതകുന്നുണ്ടു്. പരമുനായർ, സഖാവു് ജോർജ്ജ്‌. വേലുശ്ശാർ തുടങ്ങിയവർ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണു്. നാടകവേദിയിലെ ആദ്യത്തെ കാൽവെപ്പാണല്ലൊ ഭാസിയുടെ പ്രസ്തുത കൃതി. സർവ്വേക്കല്ല് തുടങ്ങിയ അദ്ദേഹത്തിൻ്റെ അനന്തരകൃതികൾ ഓരോന്നും ഉത്തരോത്തരം വിജയിച്ചിട്ടുണ്ടെന്നു പറയാം. ആനുകാലിക ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തവയാണു് പ്രതിപാദ്യ വസ്തുക്കൾ; അതോടൊപ്പം അവയുടെ ആവിഷ്ക്കരണ രീതിയാകട്ടെ അനുവാചക ഹൃദയത്തിൽ ചലനമുദിപ്പിക്കുന്ന വിധത്തിലുള്ളതും. ഭാസിയുടെ കൃതികളുടെ വിജയം ഇവ രണ്ടിലുമാണു നിലകൊള്ളുന്നതു്. ഭാസിയുടെ മൂലധനം, അശ്വമേധം എന്നീ നാടകങ്ങൾക്കു കേരള സാഹിത്യ അക്കാദമിയിൽനിന്നു അവാർഡു ലഭിച്ചിട്ടുണ്ടെന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവാർഹമത്രെ