ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

കമുകറ: വിദഗ്ദ്ധനായ ഒരു കലാകാരനാണു് കമുകറ നാരായണക്കുറുപ്പ്. ഒരു സാമുദായിക നാടകമാണു് അദ്ദേഹത്തിൻ്റെ ‘രാഗലഹരി.’ അഭ്യസ്തവിദ്യയായ ഒരു യുവതി, സമ്പന്നനും ധൂർത്തനുമായ ഒരു യുവാവിനെ നേർവഴിക്കു നയിക്കുന്നതാണ് അതിലെ പ്രമേയം. മറ്റൊരു സാമുദായിക നാടകമാണു് ‘വിശ്വമോഹിനി.’ ഒരേ രക്തം, സ്വപ്നങ്ങൾ തുടങ്ങി മറ്റുചില കൃതികളും ഈ കലാകാരനിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുണ്ടു്. കുമുകറയുടെ ആവിഷ്ക്കരണരീതി ആരെയും രസിപ്പിക്കുന്ന വിധത്തിലുള്ളതാണു്.

കരിമ്പുഴ രാമകൃഷ്ണൻ: പ്രഗത്ഭനായ ഒരു നിരൂപകൻ, പണ്ഡിതൻ എന്നീ നിലകളിൽ സാഹിത്യലോകത്തിൽ പരിലസിക്കുന്ന ഒരാചാര്യനാണു് കരിമ്പുഴ രാമകൃഷ്ണയ്യർ എം. എ. എൽ. ടി. അദ്ദേഹത്തിൻ്റെ ‘ശാന്തിയിലേക്ക്’ എന്ന കൃതി നമ്മുടെ ഗദ്യ നാടക ശാഖയ്ക്കു മികച്ച ഒരു സംഭാവനയാണു്. ശിപായിലഹള എന്നു മുദ്രയടിക്കപ്പെട്ട 1857-ലെ പ്രക്ഷോഭണമാണു് നാടകത്തിൻ്റെ കഥാതന്തുവിനു നൂലുപാകിയിട്ടുള്ളതു്. സംഭവബഹുലമായ ആ മഹാവിപ്ലവത്തിലെ ഏതാനും ചരിത്ര സത്യങ്ങളും കവികല്പിതമായ ചില കഥാപാത്രങ്ങളും സംഭവങ്ങളും വിദഗ്ദ്ധമായി കൂട്ടിയിണക്കി എട്ടു രംഗങ്ങളിൽ രചിച്ചിട്ടുള്ളതാണു് പ്രസ്തുത നാടകം. ഒരു പ്രധാന കഥാപാത്രമായ ബഹദൂർഷായെ സംബന്ധിച്ച സുപ്രധാന സംഭവങ്ങളേ ഇതിൽ സ്പർശിക്കുന്നുള്ളു. നാടകത്തിൻ്റെ ഏകാഗ്രതയ്ക്ക് അതു നിദാനമായിത്തീർന്നിട്ടുമുണ്ടു്. ‘പിശുക്കൻ’, കരിമ്പുഴയുടെ മറ്റൊരു നാടകമാണു്.