ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

കെ. പത്മനാഭൻ നായർ: ‘കുഞ്ഞാലി മരയ്ക്കാർ’ പത്മനാഭൻ നായർ എഴുതിയിട്ടുള്ള നല്ലൊരു നാടകമാണു്. സാമൂതിരിയും പോർട്ടുഗീസുകാരുമായി ആരംഭിച്ച കലഹം, ജനജീവിതത്തിനു് അസഹ്യമായിത്തീർന്നപ്പോൾ രംഗപ്രവേശംചെയ്ത ഒരു ധീരസാഹസികനാണു് കുഞ്ഞാലി മരയ്ക്കാർ. സ്വദേശാഭിമാനിയായ ആ ധീരൻ പോർട്ടുഗീസുകാരെ രാജ്യത്തുനിന്നു കെട്ടുകെട്ടിക്കുവാനുള്ള ദൃഢനിശ്ചയത്തോടുകൂടി പുറപ്പെടുന്നു. മുന്നോട്ടുപോകാൻ കഴിയാതെ ഇതികർത്തവ്യതാമൂഢനായിത്തീർന്ന് സാമൂതിരിയെ മന്ത്രി മങ്ങാട്ടച്ചനും മരയ്ക്കാരുംകൂടി സ്വതന്ത്രപാത തുറന്നു നയിക്കുന്നു. സാമൂതിരി, കെട്ടിലമ്മ, മങ്ങാട്ടച്ചൻ, മരയ്ക്കാർ എന്നീ കഥാപാത്രങ്ങൾ നാടകത്തിൽ ഏറ്റവും വ്യക്തിത്വമുള്ളവയാണു്. നാടകം അഭിനയയോഗ്യവുമാണു്.

സി. എൻ. ശ്രീകണ്ഠൻ നായർ: ഒന്നിലധികം സാഹിത്യശാഖകളിൽ പേരെടുത്തിട്ടുള്ള ഒരു കലാകാരനാണു് സി. എൻ. ശ്രീകണ്ഠൻ നായർ. തിളയ്ക്കുന്ന മണ്ണ്, പിച്ചിപ്പൂ, സിന്ദൂരപ്പൊട്ട് തുടങ്ങിയ സമാഹാരങ്ങൾ കഥാശാഖയ്ക്കു അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകളാണു്. ഒരു നല്ല നടനും നാടകകൃത്തും എന്ന നിലയിലാണു് ശ്രീകണ്ഠൻ നായരെ കലാപ്രേമികൾ കൂടുതൽ ആദരിക്കുന്നതു്. അദ്ദേഹത്തിൻ്റെ നാടകങ്ങളിൽ ‘കാഞ്ചനസീത’ പ്രാഥമ്യമർഹിക്കുന്നു. കേരള സാഹിത്യ അക്കാദമിയിൽനിന്ന് സമ്മാനം നേടിയ ഒരു നാടകവുമാണതു്. ആദികവി മുതൽ ഇന്നേവരെയുള്ള അനേകം പ്രതിഭാശാലികൾ കൈകാര്യം ചെയ്തുകഴിഞ്ഞിട്ടുള്ള ഉത്തരരാമചരിതമാണു് കാഞ്ചനസീതയിലേയും ഇതിവൃത്തം. എന്നാൽ ശ്രീരാമൻ്റെ ഹൃദയാന്തർഭാഗത്തുനിന്നുയരുന്ന വികാരവിചാരങ്ങളുടെ സംഘട്ടനങ്ങളും, അവയുടെ ആഘാതപ്രത്യാഘാതങ്ങളും കാഞ്ചനസീതയിലെപ്പോലെ മറ്റൊന്നിലും ഹൃദയാകർഷകമായിത്തീർന്നിട്ടില്ലെന്നു വേണം പറയുവാൻ. ഭാവോജ്ജ്വലമായ ആ അംശത്തിൻ്റെ മേന്മയാണു് കാഞ്ചനസീതയുടെ വിജയരഹസ്യവും. മാനുഷിക വികാരങ്ങളും രാഷ്ട്രമീമാംസയും പരസ്പരം തലയുയർത്തി നിന്നുകൊണ്ടു് ചൊരിയുന്ന ചോദ്യവർഷങ്ങൾ ശ്രീരാമനെ ജീവനോടെ ദഹിപ്പിക്കുവാൻ പോരുന്നവയാണു്. ആസ്വാദകന്മാർക്കും ആ രംഗം തരണംചെയ്യാൻ അപ്പോൾ പ്രയാസമായിത്തിരുന്നു. വികാരതീവ്രത അത്രത്തോളം മുറ്റിനില്ക്കുന്നു ആ രംഗങ്ങളിൽ. ‘മാന്യതയുടെ മറ’ നമ്മുടെ രാഷ്ട്രീയ പ്രവർത്തകന്മാരിൽ ചിലരുടെ തനിനിറം വെളിപ്പെടുത്തുന്ന ഒന്നാന്തരം ഒരു പ്രഹസനമാണ്.

മറ്റു നാടകങ്ങൾ: നഷ്ടക്കച്ചവടം, ആ കനി തിന്നരുതു്, ഏട്ടിലെ പശു എന്നു തുടങ്ങിയവയത്രെ.