ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

തിക്കൊടിയൻ: എം. ആർ. നായരുടെ സഞ്ജയൻ മാസികയാണു തിക്കൊടിയൻ്റെ അരങ്ങേറ്റത്തിനു് അവലംബമായിരുന്നതു്. ആ മാസികയിലൂടെ ആരംഭിച്ച ഫലിതം പിന്നീടെഴുതിത്തുടങ്ങിയ നാടകങ്ങളിലും പ്രതിഫലിച്ചുതുടങ്ങി. അറ്റുപോയ കണ്ണി, പ്രേമഗാനം, കണ്ണാടി, കന്യാദാനം, കർഷകൻ്റെ കിരീടം, ജീവിതം, നിരാഹാരവ്രതം, പുണ്യ തീർത്ഥം, പുതിയ തെറ്റു്, രാജമാർഗ്ഗം, പ്രസവിക്കാത്ത അമ്മ, ഷഷ്ടിപൂർത്തി എന്നിങ്ങനെ പല നാടകങ്ങളും തിക്കൊടിയൻ എഴുതിയിട്ടുണ്ട്. സാക്ഷാൽ നാമധേയം കുഞ്ഞി അനന്തൻ നായർ എന്നാണു്. വടക്കേ മലബാറിൽ തിക്കൊടിയനാണു് അനന്തൻനായരുടെ സ്വദേശം, ആ ദേശ നാമത്തിൽ നിന്നുത്ഭവിച്ചതാണു് തിക്കോടിയൻ അഥവാ തീക്കൊടിയൻ എന്ന തൂലികാനാമം.

തിക്കൊടിയൻ്റെ ഒരു ലഘുനാടകമാണു് ഏകാദശിമാഹാത്മ്യം. ദുരമൂത്ത പിശുക്കനായ ഒരു ശങ്കരൻനായരുടെ ഏകാദശിവ്രതമാണു് നാടകത്തിലെ പ്രമേയം. അച്ഛൻ്റെ പിശുക്കിനു് ഈശ്വരൻ സൃഷ്ടിച്ച പ്രതിവിധിയാണു പുത്രൻ സുകുമാരൻനായർ. ചാപ്പൻ കൊണ്ടുവന 100 രൂപയിൽ സുകുമാരൻ മോഷ്ടിച്ചെടുത്ത 10 രൂപ നീക്കി 90 രൂപ കൈവശമിരിക്കുമ്പോഴാണ് ഒറ്റക്കാശിവിടെയില്ലെന്നു ഗുരുവായൂരപ്പനെപ്പിടിച്ചു് ആണയിട്ടുകൊണ്ടു സത്യസന്ധനായ ശങ്കരൻനായർ വ്യവഹാരകാര്യസ്ഥൻ അപ്പുവിനോടു പറയുന്നതു്. അപ്പുമേനോൻ ചാപ്പൻ കൊണ്ടുവന്ന സംഖ്യയുടെ കാര്യം വെളിപ്പെടുത്തി ശങ്കരൻനായരെ തൽക്ഷണം വെള്ളംകുടിപ്പിക്കയും ചെയ്യുന്നു. ആ ഘട്ടത്തിലും വീണേടം കൊണ്ടു വിദ്യ കാണിക്കാൻ ആ കുടിലചിത്തൻ ശ്രമിക്കാതിരിക്കുന്നില്ല. എല്ലാവിധത്തിലും ഫലിതരസം കരകവിയുന്ന ഒരു പ്രഹസനമാണതു്. ഓരോ പ്രശ്നവും അർഹിക്കുന്ന ഗൗരവത്തോടുകൂടി കൈകാര്യം ചെയ്യാനുള്ള ശേഷിയും ശേമുഷിയും തിക്കൊടിയനു വേണ്ടുവോളമുണ്ട്.

ഇടശ്ശേരി: ഒരു കവിയെന്ന നിലയിൽ പ്രഖ്യാതനായ ഇടശ്ശേരി ഗോവിന്ദൻ നായർ ഒരു നാടകകൃത്തുകൂടിയാണു്. അദ്ദേഹത്തിൻ്റെ ‘കൂട്ടു കൃഷി’ ഉത്തര കേരളത്തിൽ അഭിനയിക്കാത്ത സ്ഥലങ്ങൾ അധികം കാണുകയില്ല. ഏതുവിഷയവും പുരോഗമനാത്മകമായ രീതിയിലേ അദ്ദേഹം പ്രതിപാദിക്കൂ ‘പൊടിപൊടിച്ച സംബന്ധം’ ലൈംഗികമായ അരാജകത്വത്തിൻ്റെ കഥയാണു്. കൃഷ്ണമേനോനെ സുശീലയുടെ ഭർത്താവായി പ്രഖ്യാപനം ചെയ്യുന്ന പ്രസ്തുത നാടകത്തിൽ മാന്യന്മാരുടെ ലൈംഗികമായ അരാജകത്വത്തിനു ഫലപ്രദമായ ഒരു പ്രതിവിധി നിർദ്ദേശിക്കുകയാണു് നാടകകൃത്തു ചെയ്യുന്നതെന്നു തോന്നുന്നു. ‘എണ്ണിച്ചുട്ടപ്പം’ മൂന്നു ഏകാങ്ക നാടകങ്ങളുടെ ഒരു സമാഹാരമാണ്. കളിയും ചിരിയും,ചാലിയത്തി, ഞെടിയിൽ പടരാത്ത മുല്ല ഇവയാണു് ഇടശ്ശേരിയുടെ ഇതരനാടകങ്ങൾ.