ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

പി. ജെ. ആൻറണി: നല്ലൊരു നടൻ, നാടകകൃത്ത് എന്നീ നിലകളിൽ സുവിദിതനാണു പി. ജെ. ആൻ്റണി. അദ്ദേഹത്തിൻ്റെ ഒരു ചെറു നാടകമാണു്’ ‘ഞങ്ങളുടെ മണ്ണു്’. ജന്മികുടിയാൻ പ്രശ്നമാണതിൽ പ്രതിപാദിക്കുന്നതു്. തരിശുഭൂമിയെ വിളഭൂമിയാക്കിത്തീർത്തിട്ടുള്ള കുടികിടപ്പുകാരെ ഇറക്കിവിടുവാൻ മുതലാളി ശ്രമിക്കുന്നു. എന്നാൽ മുതലാളിയുടെ പുത്രൻ കടിയാന്മാർക്ക് അനുകൂലമായും പ്രവർത്തിക്കുന്നു. തന്നെയുമല്ല, അവൻ ദരിദ്രനായ ഒരു കുടികിടപ്പുകാരൻ്റെ പുത്രിയെ വിവാഹം ചെയ്യുകയും ചെയ്യുന്നു. പുത്രൻ്റെ ഈ സാഹസത്തിൽ കുടുംബാംഗങ്ങൾ മുഴുവൻ അവനെ വെറുക്കുകയായി. കുടികിടപ്പുകാർ സംഘടിതരായിത്തീരുന്നു. അവർ മുതലാളിയോടു സമരംചെയ്യുവാനും സന്നദ്ധരായി. കുടിപാർപ്പുകാരിൽ ഒരുവനേയും ഇറക്കിവിടുവാൻ മുതലാളിക്കു കരുത്തില്ലാതെയും തീർന്നു. ഇതാണു് ഈ നാടകത്തിലെ ഉള്ളടക്കം. സങ്കീർണ്ണമായിക്കിടക്കുന്ന ജന്മികുടിയാൻ പ്രശ്നത്തിൻ്റെ നൂലാമാലകളിലേക്കൊന്നും ഇറങ്ങി ചെല്ലുവാൻ ആൻ്റണി ശ്രമിച്ചിട്ടില്ല. അതിനെ ഏറ്റവും ഋജുവായ രീതിയിൽ ചിത്രീകരിക്കുവാൻ മാത്രമേ ഇവിടെ മുതിർന്നിട്ടുള്ളൂ. ആ അംശത്തിൽ അദ്ദേഹം വിജയിക്കയും ചെയ്തിട്ടുണ്ടു്. സംഘടനയുടെ ശക്തിയാണു് ഈ നാടകത്തിൽ വിളംബരം ചെയ്യുന്നതെന്നു പറയാം. ഞങ്ങളുടെ മണ്ണ്, മലയാള നാടകവേദിയിൽ വളക്കൂറുള്ള മണ്ണുതന്നെയായി തോന്നുന്നു.

ഇങ്ക്വിലാബിൻ്റെ മക്കൾ, ചക്രവാളത്തിലേക്ക്, പൊതുശത്രുക്കൾ, മുന്തിരിച്ചാറിൽ കുറെ കണ്ണുനീർ തുടങ്ങിയവയാണു് ആൻ്റണിയുടെ ഇതരകൃതികൾ.