ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

മുട്ടത്തു വർക്കി: ഒരു നല്ല കഥാകൃത്തു് എന്ന നിലയിലാണു് വർക്കി ഏറ്റവും പ്രസിദ്ധനായിട്ടുള്ളതു്. നാടകശാഖയിലും ഏതാനും കൃതികൾ അദ്ദേഹം സംഭാവന ചെയ്യാതിരുന്നിട്ടില്ല. അവയിൽ ഒന്നാണു് ഒട്ടകവും സൂചിക്കുഴയും. ക്രിസ്തുവിൻ്റെ ആശയങ്ങൾക്കും ആദശങ്ങൾക്കും ഇണങ്ങാത്ത ആചാര വിചാരങ്ങൾ സമുദായത്തിൽ സ്വൈരവിഹാരം ചെയ്യുന്നതുകണ്ട് വേദനപ്പെട്ട ഒരു ഹൃദയത്തിൽനിന്നു് ഉൽഗളിതമായ ചില വികാരവിചാരങ്ങളുടെ സജീവ ചിത്രീകരണമാണു് പ്രസ്തുത നാടകം. ക്രിസ്ത്യൻ സമുദായത്തിൽ, പരസ്യമായ രഹസ്യമായിത്തീർന്നിട്ടുള്ള നീറുന്ന ചില യാഥാർത്ഥ്യങ്ങളെ ഏതാനും കഥാപാത്രങ്ങളിൽക്കൂടി പ്രകാശിപ്പിക്കുവാൻ വർക്കിക്കു സാധിച്ചിട്ടുണ്ടു്. ക്രിസ്തുവിൻ്റെ സന്ദേശത്ത സ്വജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ പരിശ്രമിച്ച ഫാദർ ലൂയിസിനു നേരിടുന്ന വിഷമതകളും വേദനകളുമാണു് പത്തു രംഗങ്ങളുള്ള ഈ നാടകത്തിൽ മുഖ്യമായും പ്രകാശിപ്പിക്കുന്നതു്. നാടകത്തിൻ്റെ ലക്ഷ്യം വർക്കി നേടുന്നുണ്ടെങ്കിലും വികാരതീവ്രതയെ വർദ്ധിപ്പിക്കുന്ന സംഘട്ടനാത്മകമായ രംഗങ്ങൾ ഇതിൽ കുറവുതന്നെയാണു്. നാടകവും നാമധേയവും തമ്മിൽ ഒരു നേരിയബന്ധമേ ഉള്ളുവെന്നതും ചൂണ്ടിക്കാണിക്കേണ്ട ഒരു ഭാഗമാണു്. സമുദായത്തിലെ അഴുക്കുകൾ ഒഴുക്കിക്കളയുവാൻ ഇത്തരം കൃതികൾ പ്രയോജനപ്പെടും. വർക്കിയുടെ മററു കൃതികൾ: കൂട്ടുകിണർ, പുതിയ മണ്ണ്, സമരഭൂമി, മാറ്റൊലി, ഞങ്ങൾ വരുന്നു തുടങ്ങിയവയാണു്.

ചെറുകാടു്: കഥാകൃത്തു് എന്നതിനേക്കാൾ നാടകകൃത്ത് എന്ന നിലയിലാണു ചെറുകാട് കൂടുതൽ പ്രസിദ്ധനായിട്ടുള്ളതു്. ഒട്ടുവളരെ നാടകങ്ങൾ എഴുതിയിട്ടുമുണ്ട്. അവയിൽ ‘തറവാടിത്തം’, ‘സ്നേഹബന്ധങ്ങൾ’ എന്നീ രണ്ടു നാടകങ്ങൾ സുപ്രസിദ്ധങ്ങളാണു്. ‘മുളങ്കൂട്ടം’ നാലു് ഏകാങ്കങ്ങളുടെ സമാഹാരമാണ്. രണ്ടു മുക്കാൽ, തേനീച്ച, മർക്കടമുഷ്ടി, മുളങ്കൂട്ടം ഇവയാണു് യഥാക്രമം അതിൽ അടങ്ങിയിട്ടുള്ള ഏകാങ്കങ്ങൾ. “മർക്കടമുഷ്ടി’യിൽ, വെട്ടിമുറിച്ചാലും വേർപെടാത്ത ജാതിയാം നൂലാമാലയാണു് പ്രതിപാദ്യം. ” എത്ര തൊലഞ്ഞാലും ചെറുമക്കളുടെ എച്ചിൽ ഗ്ലാസ് കഴുകാറായിട്ടില്ല എനിക്കു്” എന്നു ജാതിപ്രാഭവം നടിക്കുന്ന കിരീയത്തിൽ നായരായ ഗോപാലൻ നായർ, ചെലവാകാത്ത ഒരു ദോശ ഒരു ചെറുമനു കൊടുത്തു കാശു വാങ്ങാൻ വെമ്പൽകാണിക്കുന്നതു കാണേണ്ട ഒരു കാഴ്ചയാണു്. പണ്ടത്തെ ജാതിനിയമം ഇന്നും കുഗ്രാമങ്ങളിൽ നിന്നു തീരെ വിട്ടൊഴിഞ്ഞിട്ടില്ലെന്നു് ഈ നാടകം വ്യക്തമാക്കുന്നു. മുളങ്കൂട്ടം, അതിർത്തിയിൽ നില്ക്കുന്ന മുളങ്കൂട്ടം വെട്ടിയൊഴിക്കുന്നതിൽ നേരിട്ട കുഴപ്പങ്ങളും, ആ കുഴപ്പങ്ങൾ, പിന്നീട് ഇരുകക്ഷികളേയും വിവേകികളാക്കിത്തീർത്തു സമാധാനം പുനഃസ്ഥാപിക്കുന്നതും വ്യക്തമാക്കുന്ന ഒരു ഏകാങ്കമാണ്. ഓരോന്നും പ്രചരണ പ്രധാനമാണു്. ചെറുകാടിൻ്റെ വ്യക്തിമുദ്ര ഓരോ നാടകത്തിലും വ്യക്തമായി പതിഞ്ഞിട്ടുണ്ടു്. അടിമ, അണക്കെട്ട്. ഒടുക്കത്തെ ഓണം, കുട്ടിത്തമ്പുരാട്ടി, കുട്ടിത്തമ്പുരാൻ, ജന്മഭൂമി, മനുഷ്യഹൃദയങ്ങൾ, രക്തേശ്വരി, വാൽനക്ഷത്രം, വിശുദ്ധനുണ. സ്വതന്ത്ര എന്നിവയാണു് ചെറുകാടിൻ്റെ മററു കൃതികൾ.